രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഭാഷോത്സവത്തിന്റെ ഉദ്ഘാടനകർമ്മം കള്ളാർ പഞ്ചായത്തംഗം വനജ ഐത്തു നിർവഹിച്ചു. ഡിസംബർ 7 മുതൽ 11 വരെ നടക്കുന്ന ഭാഷോത്സവ പ്രവർത്തനങ്ങളിൽ ക്ലാസ്സ് ഡയറി പ്രകാശന കർമ്മം, പലഹാര മേള, പാട്ട രങ്ങ്, കഥോത്സവം, നാട്ടുവിശേഷം കൂട്ടെഴുത്ത് എന്നീ പ്രവർത്തനങ്ങൾ ഉണ്ടാകും. പ്രധാനാദ്ധ്യാപകൻ ഐ.ഒ.എബ്രാഹം സ്വാഗതം പറഞ്ഞു. ഭാഷോത്സവ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റന്റ് ഷൈബി എബ്രാഹം സംസാരിച്ചു. വിഷാംശമില്ലാത്ത നാടൻ പലഹാരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അറിയുവാൻ പലഹാര മേളയിലൂടെ കുട്ടികൾക്ക് സാധിച്ചു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യൻ നന്ദി പറഞ്ഞു.