രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് കഴിഞ്ഞ ആഴ്ച കാട്ടാന ഇറങ്ങിയതിന് പിന്നാലെ ഇന്നലെ പനത്തടി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മാട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് ഇരുനൂറ് മീറ്ററകലെ കാട്ടാന ഇറങ്ങി വാഴ തെങ്ങ് കാപ്പി എന്നീ കൃഷികൾ നശിപ്പിച്ചു.മരുതോം ഫോറസ്റ്റ് സെക്ഷൻ പരിധിയിലാണ് ഇവിടം. മാട്ടക്കുന്ന് _താന്നിക്കാൽ കോളനിയിൽ അൻപത്തിആറ് കുടുംബങ്ങളാണ് ഉള്ളത്. വനാതിർത്തിയോട് ചേർന്ന് തന്നെയാണ് ഇവരുടെ കൃഷിസ്ഥലം. വനാതിർത്തിയിൽ അടിയന്തിര മായി ഫെൻസിംങ്ങ് സ്ഥാപിക്കണമെന്ന് കോളനി നിവാസികൾ ആവശൃപ്പെടുന്നു. റാണിപുരത്ത് കഴിഞ്ഞ ദിവസം ജില്ലാകളക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ വാർഡ് അംഗം എൻ.വിൻസന്റ് ഇത് സംബന്ധിച്ചു കളക്ടർക്ക് നിവേദനം നല്കിയിരുന്നു.