പനത്തടി പഞ്ചായത്തിൽ മുളന്തോട്ടം പദ്ധതിക്ക് തുടക്കം.

രാജപുരം : ദേശീയ  ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുളന്തോട്ടം കൃഷി പ്രവർത്തിക്ക് തുടക്കമിട്ട് പനത്തടി പഞ്ചായത്ത്. മൂന്നാം വാർഡ് ചാമുണ്ഡിക്കുന്നിലെ തുമ്പോടി ടി.കൃഷ്ണ നായ്ക്കിന്റെ ഒരേക്കർ പതിനഞ്ച് സെന്റ് സ്ഥലത്താണ്  മുള തൈകൾ വച്ചുപിടിപ്പിച്ചത്. അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് അതിലെ കാർബൺ മുളയിൽ ശേഖരിച്ച് വെക്കുകയും ഓക്സിജനെ പുറത്തുവിടുകയും ചെയ്യുന്നത് മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ മുളന്തോട്ടത്തിലൂടെ സാധിക്കുന്നതാണ്. തൈകൾ വച്ചുപിടിപ്പിച്ച്  നാലര വർഷം മുതൽ മുളകൾ വാണിജ്യ  അടിസ്ഥാനത്തിൽ  വിൽപ്പന നടത്താൻ സാധിക്കുമെന്ന് പറയുന്നു. ഒരേക്കർ സ്ഥലത്തെ കൃഷിയിടത്തിൽ നിന്നും മൂന്നുലക്ഷം രൂപ മുതൽ വരുമാനം ലഭിക്കുമെന്നും പറയുന്നു. കോഴിക്കോട് കല്ലായി യിൽ പ്രവർത്തിക്കുന്ന അർബൻ കിസാൻ  മൾട്ടി ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ആണ് ഇവിടെ മുള തൈകൾ  ഇറക്കി നൽകിയത്. ഒരു മുള തൈക്ക് സബ്സിഡി തുക കഴിച്ച് നൂറ്റി  അൻപതു രൂപയാണ് വില. പ്രവർത്തിയുടെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. വാർഡ് അംഗം  കെ. എസ് പ്രീതി അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ്. എം. ചാക്കോ പദ്ധതിയെക്കുറിച്ച്  വിശദീകരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ. കെ വേണുഗോപാൽ, എൻ. വിൻസന്റ്, പഞ്ചായത്ത് അസി: സെക്രട്ടറി എം.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റഡ് എൻജിനീയർ വി. ആതിര സ്വാഗതവും വി. ആർ മഞ്ജുഷ  നന്ദിയും പറഞ്ഞു.

Leave a Reply