രാജപുരം: പനത്തടി പഞ്ചായത്ത് ക്ഷീര ഗ്രാമം പദ്ധതി ഗുണഭോക്താക്കളുടെ യോഗവും പഞ്ചായത്ത് സബ്സിഡി കാലിത്തീറ്റ വിതരണ ഉദ്ഘാടനവും ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ലതാ അരവിന്ദ് അധ്യക്ഷത വഹിച്ചു. പരപ്പ ക്ഷീര വികസന ഓഫീസർ കെ.ഉഷ പദ്ധതി വിശദീകരണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ രംഗത്ത്മല, ബളാംതോട് വെറ്ററിനറി സർജൻ ഡോ.അരുൺ എസ്.അജിത്ത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.വിജയകുമാർ, ബളാംതോട് ക്ഷീര സംഘം പ്രസിഡണ്ട് കെ.എൻ.വിജയകുമാരൻ നായർ, കോളിച്ചാൽ ക്ഷീര സംഘം പ്രസിഡണ്ട് ബേബി ജോൺ എന്നിവർ ആശംസകൾ നേർന്നു. പരപ്പ ഡയറി ഫാം ഇൻസ്ട്രക്ടർ എബിൻ ജോർജ് സ്വാഗതവും ബളാംതോട് ക്ഷീര സംഘം സെക്രട്ടറി സി.എസ്.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ക്ഷീര ഗ്രാമം പദ്ധതി പ്രകാരം പഞ്ചായത്തിലെ 34 കർഷകർക്ക് കറവ പശുക്കളെ വാങ്ങുന്നതിന് 30,000 രൂപ വീതം സബ്സിഡി ലഭിക്കും.
കാലിത്തീറ്റ വിതരണ പദ്ധതി പ്രകാരം 238 കർഷകർക്ക് 3 ചാക്ക് കാലിത്തീറ്റ വീതം സബ്സിഡി നിരക്കിൽ ലഭിക്കും. കാലിത്തീറ്റ വിതരണ പദ്ധതി പ്രകാരം 4,99,800 രൂപയും കറവപശു വിതരണ പദ്ധതി പ്രകാരം 10,20,000രൂപയും പനത്തടി ഗ്രാമ പഞ്ചായത്ത് തൻവർഷം ചെലവഴിക്കും. കൂടാതെ ക്ഷീര വികസന വകുപ്പ് ക്ഷീര ഗ്രാമം പദ്ധതിയും പനത്തടി ഗ്രാമ പഞ്ചായത്തിന് തൻവർഷം ലഭിച്ചിട്ടുണ്ട്. ഇത് പ്രകാരം 10,20,000 രൂപയുടെ പദ്ധതിയ്ക്ക് പുതുതായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.