
രാജപുരം : മാലിന്യ മുക്തം ജനകീയ ക്യാമ്പയിൻ ന്റെ ഭാഗമായി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് തദ്ദേശസ്ഥാപനപരിധിയിൽ ഉടനീളം സമ്പൂർണ ശുചീകരണ യജ്ഞം നടത്തി. ഓരോ വാർഡുകളും പ്രത്യേകം പ്രത്യേകം അവരുടെ ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിലാണ് ശുചീകരണം നടന്നത്.പ്രധാനമായും പാതയോരങ്ങൾ പൊതുയിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ക്ലബ്ബുകൾ ഗ്രന്ഥശാലകൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയവ ശുചീകരിച്ചു. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടന പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ,ആശാവർക്കർമാർ, വാർഡ് നിർവഹണ സമിതി അംഗങ്ങൾ, വ്യാപാരികൾ, തൊഴിലാളി സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർമാർ, വാർഡ് കൺവീനർമാർ തുടങ്ങിയവർ നേതൃത്വം നൽകി.കോടോം ബേളൂർ പഞ്ചായത്ത് 2023 മെയ് മാസത്തിൽജില്ലയിലെ ആദ്യത്തെ സമ്പൂർണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചതാണ്.ഫെബ്രുവരി ആദ്യവാരത്തോടെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനാണ് തീരുമാനം. അതിനുമുൻപ് മുഴുവൻ അയൽക്കൂട്ടങ്ങളെയും, ടൗണുകളെയും ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത ടൗണുകൾ എന്നിങ്ങനെ പ്രഖ്യാപിക്കും. മുഴുവൻ വാർഡുകളെയും മാലിന്യ മുക്ത വാർഡുകളായി പ്രഖ്യാപിക്കും.മുഴുവൻ അംഗൻവാടികളെയും സ്ഥാപനങ്ങളെയും ഹരിതസ്ഥാപനങ്ങളായി പ്രഖ്യാപിച്ചു കഴിഞ്ഞു. തദ്ദേശസ്ഥാപന പരിധിയിൽ ഹരിതകർമസേനയുടെ പ്രവർത്തനം വളരെ കാര്യക്ഷമമാണ്. 100 ശതമാനം യൂസർ ഫീ കളക്ഷൻ ഉണ്ട്. ഹരിതകർമസേനക്ക് യൂസർ ഫീ നൽകി അജൈവ മാലിന്യം കൈമാറത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. മാലിന്യ സംസ്കാരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ നിരീക്ഷിക്കുവാൻ തദ്ദേശ സ്ഥാപനത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംവിധാനം നിലവിലുണ്ട്. വരും ദിവസങ്ങളിൽ വിജിലൻസ് പരിശോധന കർശനമാക്കുമെന്നും നിയമ ലംഘനങ്ങൾ ക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഒടയൻചാൽ ടൗണിൽ നടന്ന ശുചിത്വ ക്യാമ്പയിനിൽ പ്രസിഡന്റ് പി.ശ്രീജ, പഞ്ചായത്ത് സെക്രട്ടറി ജയ്സൺ ആന്റണി, ഹെൽത്ത് ഇൻസ്‌പെക്ടർ ഒ.വി.സുമിത്രൻ തുടങ്ങിയവർ സംബന്ധിച്ചു.