രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം പകുതിയോടെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി.സജിത്ത് ബാബു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന കെട്ടിടം സന്ദര്‍ശിച്ചശേഷമാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്. ആശുപത്രിക്ക് ആവശ്യമായ ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കാനുള്ള നടപടി എത്രയും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് , വൈസ് പ്രസിഡണ്ട് ടി.കെ നാരായണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സി.സുകു, കെഎസ്ഇബി സബ് ജൂനിയര്‍ മാരയ ജോര്‍ജ്ജുകുട്ടി എബ്രഹാം, സിറിയക് ബര്‍ണാഡ്, ആരോഗ്യപ്രവര്‍ത്തകര്‍, തുടങ്ങിയവരും കലക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു. അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഈ മാസം 30ന് മുമ്പ് തീര്‍ക്കാന്‍ കരാറുകാരന് നിര്‍ദ്ദേശവും നല്‍കി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു ഉദ്ഘാടനം നടത്താനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് ആശുപത്രി അധികൃതരോട് നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കലക്ടര്‍ ഇന്നലെ പൂടംകല്ല് ആശുപത്രിയില്‍ എത്തിയത്. നബാര്‍ഡിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും സഹായത്തോടെ 5.55 കോടി രൂപയ്ക്കാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. പ്രൊജക്റ്റ് പ്രകാരം വൈദ്യുതി വകുപ്പിന് അടയ്‌ക്കേണ്ട തുക അടച്ചയുടനെ ട്രാന്‍സ്‌ഫോമര്‍ പണി ആരംഭിക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.