HFHS UAE കൂട്ടായ്മ ദുബായ് ഷാർജ നോർത്തേൺ എമിരേറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “ഒന്നിച്ചോരോണം 2K26” വിപുലമായി സംഘടിപ്പിച്ചു.
ദുബൈ: മലയാളികളായ പ്രവാസികൾക്ക് ഓണം എന്നത് ഒരു ഉത്സവമാത്രമല്ല, ആഴത്തിലുള്ള ഒരു വികാരമാണ്. രാജപുരം ഹോളി ഫാമിലി സ്കൂളിന്റെ പൂർവവിദ്യാർത്ഥി സംഘടനയായ HFHS UAE കൂട്ടായ്മയുടെ യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഒന്നിച്ചോരോണം 2K26” അത്യന്തം ആവേശകരമായും വിപുലമായും നടന്നു.
കൂട്ടായ്മ പ്രസിഡന്റ് നിഷാത് ഗോപാലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഐ.എ.എസ്.എൽ ഡയറക്ടറും എഴുത്തുകാരനുമായ എം.ഒ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായ മാത്യു ആടുകുഴിയിൽ ആശംസയും ജോസ് കുഴിക്കാട്ടിൽ ഓണ സന്ദേശവും നൽകി.
കൂട്ടായ്മ സെക്രട്ടറി ജിമിറ്റ് തോമസ് സ്വാഗതം ആശംസിക്കുകയും ട്രഷറർ വിനു പെരിങ്ങേലിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോജീഷ് ജോർജിന്റെ നേതൃത്വത്തിൽ സുനിൽ ജോസഫ്, അനൂപ്, മനുമോൾ, സന്ദീപ് മാത്യു, ഷൈൻ മാത്യു എന്നിവർ ഉൾപ്പെടെയുള്ള അംഗങ്ങൾ പരിപാടികൾ വിജയകരമായി നയിച്ചു.
കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളുമടങ്ങിയ സവിശേഷമായ പരിപാടികൾ അരങ്ങേറി. അംഗങ്ങളുടെ കലാ-കായിക പ്രകടനങ്ങൾ ആഘോഷത്തിന് പ്രത്യേക ഭംഗി കൂട്ടി, സ്നേഹവും ഐക്യവും നിറഞ്ഞ ഒരു ഓണസ്മരണയായി “ഒന്നിച്ചോരോണം 2K26” മാറി.
