രാജപുരം: കള്ളാർ പഞ്ചായത്തിലെ പൂടംകല്ലിൽ ആരോഗ്യപ്രവർത്തകനടക്കം രണ്ട് പേർക്ക് കൂടി കോവിഡ്. വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രിയിലെ ആരോഗ്യപ്രവർത്തകനും ടൗണിലെ ബാർബർ ഷോപ്പ് ജീവനക്കാരനുമാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ പൂടംകല്ലിലെ താലൂക്ക് ആസ്പത്രി താത്കാലികമായി അടച്ചിട്ടു. അണുനശീകരണം നടത്തിയ ശേഷം ചൊവ്വാഴ്ച മുതൽ ഒ.പി. വിഭാഗം വീണ്ടും തുടങ്ങും. കള്ളാർ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച 30 പേരിൽ 10 പേർ പൂടംകല്ലിൽ നിന്നുള്ളവരാണ്. ഇവരിൽ ഭൂരിഭാഗത്തിന്റെയും ഉറവിടം കണ്ടെത്താനുമായിട്ടില്ല. ഇതോടെ പ്രദേശം സാമൂഹിക വ്യാപന ഭീതിയിലാണ്. കഴിഞ്ഞ ദിവസം പൂടംകല്ലിൽ രണ്ട് മെഡിക്കൽ ഷോപ്പ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പൂടംകല്ല് ടൗൺ രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരിക്കയാണ്. തിങ്കളാഴ്ച രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിടൽ നീളുമെന്ന് രാജപുരം ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറിയിച്ചു. പ്രദേശത്തെ ജാഗ്രതാ സമിതികളുടെ പ്രവർത്തനവും ശക്തമാക്കും.