രാജപുരം: സംസ്ഥാന അതിര്‍ത്തി പഞ്ചായത്തായ കര്‍ണാടക കരിക്കെയിലെ ജനങ്ങള്‍ക്ക് തൊട്ടടുത്ത പ്രധാന ടൗണായ പാണത്തൂരിലേക്ക് വരാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബാലചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി., തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തില്‍ പരാതി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എന്‍.ബാലചന്ദ്രന്‍ നായര്‍ അറിയിച്ചു. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിയായ പാണത്തൂര്‍ ചെമ്പേരിയില്‍ കര്‍ണാടക പോലീസ് റോഡ് തടസപ്പടുത്താന്‍ ഇട്ടിരുന്ന മണ്ണ് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഭാഗമണ്ഡല, മടിക്കേരി, സുള്ള്യ തുടങ്ങിയ ടൗണിലേക്ക് പോകാന്‍ ദൂര കൂടുതലായതിനാല്‍ കരിക്കെ പഞ്ചായത്തിലെ ആളുകള്‍ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും എത്തിയിരുന്നത് പാണത്തൂരായിരുന്നു. എന്നാല്‍ കോവിഡ് വന്നതോടെയാണ് ഇരുഭാഗങ്ങളിലേക്കുമുള്ള ആളുകളുടെ യാത്ര മുടങ്ങിയത്.