രാജപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. ഡ്രൈവിംഗ് സ്‌കൂളുകള്‍ തുറക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടിയതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. പരിശീലന വാഹനത്തില്‍ പരിശീലനം നേടുന്ന വ്യക്തിക്കും പരിശീലകനും മാത്രമായിരിക്കും അനുമതി. വാഹനങ്ങളും സ്ഥാപനവും അണുവിമുക്തമാക്കണം. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഡ്രൈവിംഗ് സ്‌കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ലോക്ക്ഡൗണിനെ തുടര്‍ന്ന് അഞ്ചുമാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടെ വലിയ ദുരിതത്തിലായിരുന്നു സ്‌കൂള്‍ ഉടമകളും ജീവനക്കാരും.