11-മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ബുധനാഴ്ച തുടക്കമാകും

  • രാജപുരം: 11-മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ബുധനാഴ്ച തുടക്കമാകും. അഞ്ച് ദിവസം നീളുന്ന കണ്‍വെന്‍ഷന് ഇടുക്കി മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്‍മനാല്‍ നേതൃത്യം നല്‍കും. ആദ്യ ദിവസം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. രണ്ടാം ദിവസം തലശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍.ജോസഫ് പാപ്ലാനി ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കും. കണ്‍വെന്‍ഷന്റെ ഭാഗമായി വെള്ളിയാഴ്ച ദിവ്യബലി ചടങ്ങുകള്‍ക്ക് തലശേരി അതിരൂപതാ മെത്രൊപോലീത്ത മാര്‍.ജോര്‍ജ് ഞരളിക്കാട്ട് നേതൃത്വം നല്‍കും. കോട്ടയം അതിരൂപതാ മെത്രൊപോലീത്ത മാര്‍.മാത്യു മൂലക്കാട്ട് സമാപന ദിനമായ 21-ന് ദിവ്യബലിക്ക് നേതൃത്വം നല്‍കും. എല്ലാ ദിവസവും ജപമാലയോടെ വൈകുന്നേരം 3.30-ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 9.30-ന് സമാപിക്കും. കുര്‍ബാന, കുടുംബ നവീകരണ ശുശ്രൂഷ, ആരാധന, ഗാനശുശ്രൂഷ, സൗഖ്യ ശുശ്രൂഷ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് കണ്‍വെന്‍ഷന്‍ ഒരുക്കുന്നത്. ആത്മിയ ധ്യാനത്തില്‍ പങ്കെടുക്കാനെത്തുന്ന കിടപ്പു രോഗികള്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കണ്‍വെന്‍ഷനെത്തുന്നവര്‍ക്ക് തിരിച്ചു പോകാന്‍ പരമാവധി സ്ഥലങ്ങളിലേക്ക് സൗജന്യ വാഹനങ്ങളും ഉണ്ടായിരിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദൈവ വചനത്തിന്റെ പ്രഭ സ്വന്തം ഹൃദയത്തിലേറ്റുവാങ്ങാന്‍ കൂടുതല്‍ വിശ്വാസികള്‍ എത്തുമെന്ന പ്രതീക്ഷയാണുള്ളതെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാജപുരം ഫൊറോനാ വികാരി ഫാ.ഷാജി വടക്കേതൊട്ടി, ഫാ.മാത്യു വളവനാല്‍, ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍, ജിജി കിഴക്കേപ്പുറത്ത്, മത്തായി ഏലിത്തടത്തില്‍, ജോണ്‍സണ്‍ പഴുക്കാപുരയിടം എന്നിവര്‍ പങ്കെടുത്തു.

Leave a Reply