രാജപുരം: മാലക്കല്ലിലെ മാനസിക വിഭ്രാന്തിയുളളയാള്‍ താലൂക്ക് ആശുപത്രിയിലെ ഒ പി കൗണ്ടറിന്റെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. ഇന്നലെ രാത്രിയാണ് മാലക്കല്ല് പൂക്കുന്നത്തെ മാനസിക വിഭ്രാന്തിയുളള പി.സി.കൃഷ്ണന്‍ ആശുപത്രിയുടെ ഒപി കൗണ്ടറിന്റെ ഗ്ലാസുകള്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് തകര്‍ത്തത്. ഇന്നലെ വൈകിട്ട് കെ എസ് ആര്‍ ടി സി ബസില്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന്
ഇയാളെ കണ്ടക്ടര്‍ പടിമരുതില്‍ ഇറക്കി വിട്ടിരുന്നു. കണ്ടക്ടര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കൃഷ്ണന്‍ രാത്രി എട്ടരയോടെ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. കയ്യില്‍ ഇരുമ്പ് ത്രിശൂലവും പിടിച്ചെത്തിയ കൃഷ്ണന്‍ ആശുപത്രിയിലെ ഒപി ടിക്കറ്റ് കൗണ്ടറിലെ കട്ടിയുള്ള ഗ്ലാസ് അടിച്ച് തകര്‍ക്കുകയായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു. തടയാന്‍ ചെന്ന ജീവനക്കാര്‍ക്കെതിരെയും ആക്രമത്തിന് മുതിര്‍ന്നു. ജീവനക്കാര്‍ വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. പൊതു സ്ഥലത്ത് ജനങ്ങള്‍ക്ക് നേരെ അക്രമവും ഭീഷണിയും മുഴക്കുന്ന ഇയാളെ പഞ്ചായത്ത് അധികൃതരും പോലിസും ഇടപെട്ട് മാനസികരോഗ ആശുപത്രിയില്‍ എത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.