മഞ്ഞടുക്കം തുളുര്‍വനത്ത് കളിയാട്ടം; കളിയാട്ട കലശമെടുക്കാന്‍ വിശുദ്ധിയുടെ പൂക്കളുമായി പൂക്കാര്‍ സംഘമെത്തി

  • പാണത്തൂര്‍: മഞ്ഞടുക്കം തുളുര്‍വനത്ത് കളിയാട്ട വേദിയിലേക്ക് കലശം ചമയിക്കാനായി പൂക്കാര്‍ സംഘമെത്തി. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാനത്ത് നിന്നും കിഴക്കുംകര ഇളയേടത്ത് കുതിര് പുള്ളിക്കരിങ്കാളിയമ്മ ദേവ സ്ഥാനത്ത് നിന്നും ആചാരപെരുമയോടെ പുറപ്പെട്ട പൂക്കാര്‍ സംഘമാണ് ശനിയാഴ്ച വൈകുന്നേരത്തോടെ പാണത്തൂര്‍ കാട്ടൂര്‍ തറവാട്ടിലും തുടര്‍ന്ന് തുളുര്‍വനത്ത് ഭഗവതി ക്ഷേത്രത്തിലുമെത്തിയത്. ഭക്തിയുടെ നിറവില്‍ പച്ചയോല കോണ്ട് മെടഞ്ഞ കൊട്ടയില്‍ ചെക്കിപ്പൂവ് നിറച്ച് തലയിലേന്തി കാല്‍നടയായി 50 കിലോമീറ്ററോളം സഞ്ചരിച്ചാണ് സംഘം ക്ഷേത്രത്തിലെത്തിയത്. മൂത്തേടത്ത് കുതിരില്‍ നിന്നുമെത്തിക്കുന്ന പൂക്കൊട്ടയില്‍ തുളുര്‍വനത്ത് ഭഗവതിയെയും ക്ഷേത്രപാലകനെയും ഇളയേടത്ത് കുതിരില്‍ നിന്നും കൊണ്ടുവരുന്ന പൂക്കൊട്ടയില്‍ മുന്നായര്‍ ഈശ്വരനെയും കുടിയിരുത്തി മഞ്ഞടുക്കം കോവിലകത്തേക്ക് എഴുന്നള്ളിക്കുന്നുവെന്നാണ് വിശ്വാസം. പരമ്പരാഗത വഴിയിലൂടെ കാവുകളും ക്ഷേത്രങ്ങളും താണ്ടി ഉപചാരം ഏറ്റുവാങ്ങിയായിരുന്നു ഒരു ദിവസം നീളുന്ന സംഘത്തിന്റെ വൈകുന്നേരത്തോടെ കാട്ടൂര്‍ തറവാട്ടിലെത്തിയ സംഘത്തെ തറവാട്ടമ്മ വിളക്കും താലവുമായി സ്വീകരിച്ചു. തുടര്‍ന്ന് സന്ധ്യയോടെ പൂക്കാര്‍ സംഘം തുളുര്‍വനത്ത് കോവിലകത്തേക്ക് പ്രവേശിച്ചു. ആറാം കളിയാട്ട ദിനത്തില്‍ ഇവര്‍ കൊണ്ടുവന്ന പൂവുകളാല്‍ അലങ്കരിച്ച് കളിയാട്ട വേദിയില്‍ കലശ നിവേദ്യം നടത്തും. കളിയാട്ട സമാപനം വരെ ക്ഷേത്രക്കാവില്‍ തങ്ങുന്ന സംഘം പിന്നിട് തിരിച്ച് യാത്രയാകും.

Leave a Reply