ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS) സർക്കാർ പ്രൊപ്പോസലിൽ കാസർകോട് ജില്ലയെ ഉൾപ്പെടുത്തണമന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ പ്രമേയം അവതരിപ്പിച്ചു.

കാസർകോട് : കേന്ദ്രസർക്കാരിനു മുൻപിൽ സംസ്ഥാനസർക്കാർ നൽകിയിട്ടുള്ള AIIMSന് വേണ്ടിയുള്ള പ്രൊപ്പോസലിൽ കാസർഗോഡ് ജില്ല ഉൾപ്പെട്ടിട്ടില്ല. ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ പിന്നോക്കം നിൽക്കുന്നതും കാലാകാലങ്ങളായി അവഗണിക്കപ്പെടുന്ന തുമായ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന ജില്ലയായ കാസർഗോഡിന് AIIMS അനുവദിക്കണമെന്നും സർക്കാർ നൽകാനുദ്ദേശിക്കുന്ന പ്രൊപ്പോസലിൽ കാസർഗോഡിനെ ഉൾപ്പെടുത്തണമെന്നും ഈ പ്രമേയത്തിലൂടെ ബഹുമാനപ്പെട്ട കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.
കഴിഞ്ഞവർഷം കോവിഡ് കാലത്ത് അതിർത്തികൾ അടച്ചിട്ടപ്പോൾ ചികിത്സകിട്ടാതെ 24 ഓളം മനുഷ്യർക്കാണ് പൊതുനിരത്തിൽ ജീവൻ നഷ്ടമായത്. അല്ലാതെയും ഒത്തിരി പേർ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ആയിരക്കണക്കിന് രോഗികൾക്ക് ആവശ്യമരുന്ന് ലഭിക്കാതെ ഗുരുതരാവസ്ഥയിൽ ആയി.
ഈ സമയത്ത് നമ്മൾ ഒന്ന് തിരിച്ചറിഞ്ഞു, പതിറ്റാണ്ടുകളായി മംഗലാപുരം ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നതിന്റെ ദുരിതഫലം. ഇക്കാലമത്രയും വിദഗ്ധ ചികിത്സ തേടി പോകേണ്ടി വന്നത് മംഗലാപുരത്തെ ആശുപത്രികളിൽ ആയിരുന്നു. ഇനിയങ്ങോട്ട് ആ വഴി നിലനിർത്താനാവും എന്ന് കരുതാനാവില്ല.
ജില്ലയിലെ പ്രധാനപ്പെട്ട ചികിത്സാ കേന്ദ്രങ്ങളായ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, ജനറൽ ഹോസ്പിറ്റൽ കാസർഗോഡ്, കൂടാതെ അഞ്ച് താലൂക്കാശുപത്രി, ആറ് സി.എച്ച്.സി, ഇവിടൊന്നും സൂപ്പർസ്പെഷ്യാലിറ്റി സൗകര്യങ്ങളില്ല. എഴുപതോളം ഡോക്ടർമാരുടെ സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.
ട്രോമാകെയർ സെന്റർ ഇല്ലാത്ത ഒരേയൊരു ജില്ല. ഒരു ന്യൂറോളജിസ്റ്റ് പോലും ഇല്ലാത്ത ജില്ല. എന്തിനും ഏതിനും മറ്റു ജില്ലകളെയും ഇതര സംസ്ഥാനങ്ങളെയും ആശ്രയിക്കാൻ സാധാരണ മനുഷ്യർക്ക് ആവാതെ ജീവിതം എരിഞ്ഞമരുന്നു എന്നതാണ് യാഥാർത്ഥ്യം. വയനാട് കഴിഞ്ഞാൽ ഏറ്റവുമധികം ആദിവാസികളടക്കമുള്ള സാധാരണക്കാരുടെ നിത്യജീവിതത്തെ ഇത് സാരമായി ബാധിക്കുന്നു.

എയിംസ് സ്ഥാപിക്കാനാവശ്യമായ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ജില്ലയ്ക്ക് അകത്തുണ്ട് എന്നത് ഒരു അനുകൂല ഘടകമാണ്.
കാസർഗോഡ് ജില്ലയ്ക്ക് വേണ്ടിയുള്ള പ്രൊപ്പോസൽ കൂടി കേന്ദ്രത്തിന് മുൻപിൽ സമർപ്പിക്കാൻ നടപടികൾ ഉണ്ടാവണമെന്ന ആവശ്യം ജില്ലാ പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് മുമ്പാകെ എത്തിക്കേണ്ടതുണ്ട്.
കാസർഗോഡിലെ ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എയിംസ് കാസർഗോഡിന് അനുവദിക്കുന്നതിന് ആവശ്യമായ പ്രൊപ്പോസൽ തയ്യാറാക്കി കേന്ദ്രത്തിന് നൽകാൻ ആവശ്യമായ നടപടികൾ കേരള ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണസമിതി മുൻപാകെ അവതരിപ്പിക്കുന്നതിന് ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. എം.മനു അനുവാദകനായി.

Leave a Reply