-
രാജപുരം: കുടിയേറ്റ മണ്ണില്‍ നടന്ന ‘പൊലിക’ കാര്‍ഷികമേളയും ടെക്നോളജി മീറ്റും നാടിന്റെ ഉത്സവമാക്കി സംഘാടനം. മേളക്കെത്തിയവരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങിയ സംതൃപ്തിയോടെ സംഘാടകര്‍. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്സ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഗ്രൗണ്ടില്‍ 24 മുതല്‍ ബുധനാഴ്ച വരെ നീണ്ട കാര്‍ഷിക മേള സംഘടിപ്പിച്ചത്. അഞ്ചു ദിവസങ്ങളിലും മേളയിലേക്ക് ആയിരങ്ങളാണ് എത്തിയത്. ചുരുങ്ങിയ സമയത്തിന്റെയും മലയോരമേഖലയെന്നതിന്റെയും പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് സംഘാടനത്തിന്റെ എല്ലാ മേഖലകളിലും പരമാവധി ശ്രദ്ധിച്ച് മേള വന്‍ വിജയമാക്കാന്‍ സംഘാടക സമിതിക്കായി. പനത്തടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.പി.എന്‍.വിനോദ് കുമാര്‍, സെക്രട്ടറി പി.രഘുനാഥ്, സംഘാടക സമിതി വര്‍ക്കിംഗ് കണ്‍വീനര്‍ ഇ.ജെ.ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മികച്ച സംഘാടനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത്, കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍ പഞ്ചായത്ത് അധികൃതര്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജീവനക്കാര്‍, പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍, ഭരണ സമിതി, ഉദയപുരം ഗ്രാമലക്ഷ്മി ഫാര്‍മേഴ്സ് ക്ലബ്ബ് അംഗങ്ങള്‍, രാജപുരം ഫൊറോനാ അധികൃതര്‍, നാട്ടുകാര്‍ തുടങ്ങി നാടിന്റെ കൂട്ടായ്മയാണ് മേളയുടെ മികച്ച വിജയത്തിനു പിന്നില്‍. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ചെയര്‍മാനും കൃഷി അസി.ഡയറക്ടര്‍ ജി.എസ്.സിന്ധു കുമാരി കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് മേള നിയന്ത്രിച്ചത്.