രാജപുരം: വേനല്‍ ചൂടും അനിയന്ത്രിതമായ ജല ചൂഷണവും വര്‍ധിച്ചതോടെ വറ്റാന്‍ തുടങ്ങി മലയോരത്തിന്റെ ജലസ്രോതസ്സ്. തലക്കാവേരി ബ്രഹ്മഗിരിയില്‍ നിന്നും ഉദ്ഭവിച്ച് ജില്ലയുടെ മലയോര പ്രദേശങ്ങളിലൂടെ ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയുടെ കൈവരിയാണ് അനിയന്ത്രിത ജലചൂഷണത്തിലും വേനലിലും വറ്റാന്‍ തുടങ്ങിയത്. കടുത്ത വേനല്‍ ചൂട് തുടങ്ങുന്ന ഏപ്രിലെത്തുന്നതോടെ പുഴയിലെ ബാക്കിയുള്ള വെള്ളവും വറ്റുമോയെന്ന ആശങ്കയുമായി മലയോര ജനത. എല്ലാ വര്‍ഷവും വേനലിന്റെ അവസാനമാകുമ്പോഴേക്കും പുഴയില്‍ വെള്ളം കുറയാറുണ്ട്. എന്നാല്‍ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ പുഴ വറ്റാന്‍ തുടങ്ങിയത് ശക്തിയേറിയ മോട്ടോര്‍ ഉപയോഗിച്ചുള്ള ജല ചുഷണംകാരണമാണെന്ന് നാട്ടുകാര്‍ പറയുന്നു. സംസ്ഥാന അതിര്‍ത്തിയായ പാണത്തൂര്‍ ടൗണിന് സമീപത്തെ പുഴയോരം മുതല്‍ രണ്ട് കിലോമീറ്ററോളം മാത്രം അകലമുള്ള ചിറങ്കടവ് വരെ നൂറോളം ശക്തിയേറിയ മോട്ടോറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരേ കൃഷിയിടത്തിലേക്ക് തന്നെ രണ്ടും മൂന്നും മോട്ടോറുകള്‍ സ്ഥാപിച്ച് പുഴയില്‍ നിന്ന് വെള്ളമൂറ്റുന്നതും ഈ ഭാഗങ്ങളില്‍ പതിവാണ്. സംസ്ഥാന അതിര്‍ത്തി മുതല്‍ ബളാംതോട്, പൂക്കയം, കുടുംബൂര്‍, കൊട്ടോടി, പാലപ്പുഴ തുടങ്ങി ഉദയപുരം വാവടുക്കം പാലം വരെ ഇരുകരകളിലുമായി സ്ഥാപിച്ചിരിക്കുന്ന മോട്ടോറുകളുടെ എണ്ണം ആയിരം കവിയുമെന്നാണ് കരുതുന്നത്. 10 മുതല്‍ 15 വരെ എച്ച്.പി. ശക്തിയുള്ള വലിയ മോട്ടോറുകളാണ് മിക്ക പുഴയോരങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്കായി സൗജന്യ വൈദ്യുതി ലഭിക്കുന്നതിനാല്‍ വൈകുന്നേരം സ്റ്റാര്‍ട്ട് ചെയ്യുന്ന മോട്ടോറുകള്‍ പലപ്പോഴും ഓഫ് ചെയ്യുന്നത് രാവിലെയാണ്. പലരും ഓഫ് ചെയ്യാനേ മെനക്കെടാറില്ലെന്നും പുഴയോരത്ത് താമസിക്കുന്നവര്‍ പറയുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്കുന്ന സൗജന്യ വൈദ്യുതി കണക്ഷന് ഉപയോഗിച്ച് പുഴയോരത്ത് തന്നെ നിര്‍മ്മിക്കുന്ന കുഴല്‍ കിണറുകളില്‍ മോട്ടോറുകള്‍ സ്ഥാപിച്ച് അനധികൃതമായി വെള്ളം പമ്പ് ചെയ്യുന്നതും വ്യാപകമാണ്. സൗജന്യ വൈദ്യുതി ഉപയോഗിച്ച് കൃഷി ചെയ്യുന്ന സ്ഥലത്തിന്റെയും വ്യാപ്തി അധികൃതര്‍ പരിശോധിക്കുകയും ഇതിനാവശ്യമായ വെള്ളം പമ്പ് ചെയ്യാനുള്ള വൈദ്യുതി മാത്രം സൗജന്യമായി നല്‍കുകയും ചെയ്താല്‍ രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള ജല ചൂഷണം തടയാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
- ശിവന് പൂടംകല്ല്