രാജപുരം: നവീകരണം നടക്കുന്ന കാഞ്ഞങ്ങാട്പാണത്തൂര്‍ സംസ്ഥാന പാതയോരത്തെ മരം മുറിക്കുന്നതും വൈദ്യുതി തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതും വൈകുന്നു. ജനകീയ സമരത്തിനൊരുങ്ങി മലനാട് പാസഞ്ചേഴ്സ് അസോസിയേഷന്. ഇതിന്റെ ഭാഗമായി പ്രശ്നത്തിന് പരിഹാരമാവശ്യപ്പെട്ട് കലക്ടര്‍ക്കും എക്സി. എന്‍ജിനീയര്‍ക്കും നിവേദനം നല്‍കും. പരിഹാരമായില്ലെങ്കില്‍ ഈ മാസം അവസാനത്തോടെ മലയോരത്തെ രാഷ്ട്രിയ സാമൂഹിക സാസ്കാരിക സംഘടനകളുടെ സഹകരണം ഉറപ്പാക്കി റോഡ് ഉപരോധമടക്കമുള്ള സമരത്തിന് നേതൃത്വം കൊടുക്കാനാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ തീരുമാനം. സംസ്ഥാന പാതയില്‍ ഏഴാംമൈല്‍ മുതല്‍ പൂടംകല്ല് വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ ഭാഗത്തെ നവീകരണം ആരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും പാതയോരത്തെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതും വൈദ്യതി തൂണുകള്‍ മാറ്റുന്നതും നീളുകയാണ്. മുറിച്ച് മാറ്റേണ്ട മരങ്ങള്‍ക്ക് സാമൂഹിക വനം വകുപ്പ് വില നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ അനുമതി ലഭ്യമാക്കി ലേല നടപടികള്‍ ആരംഭിക്കാന്‍ വൈകുകയാണ്. ഇനി അനുമതി ലഭ്യമാക്കി മരം മുറിച്ച് മാറ്റാന്‍ തീരുമാനമായാലും നിലവില്‍ നിശ്ചയിച്ച അമിത വിലയ്ക്ക് മരങ്ങള്‍ ലേലത്തിനെടുക്കാന്‍ ആരും മുന്നോട്ട് വരാനും സാധ്യതയില്ല. ഇതോടെ നവീകരണ ജോലികള്‍ പാതിവഴിയില്‍ നിര്‍ത്തേണ്ട സ്ഥിതിയിലാണ്. ഇതോടെയാണ് ജനകീയ സമരത്തിന് നേതൃത്വം കൊടുക്കാന്‍ മലനാട് പാസഞ്ചേഴ്സ് അസോസിയേഷന് തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. സംസ്ഥാന പാതയുടെ പൂടംകല്ല് മുതല്‍ ചെറങ്കടവ് വരെയുള്ള ഭാഗത്തെ നവീകരണത്തിന് തുക വകയിരുത്തിയിട്ടും ദേശീയപാതയുടെ പേര് പറഞ്ഞ് നവീകരണം വേണ്ടെന്ന് വയ്ക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അസോസിയേഷന് പ്രസിഡന്റ് എം.വി.ഭാസ്കരന്, സെക്രട്ടറി ബാബു കദളിമറ്റം, സൂര്യനാരായണ ഭട്ട്, ബി.അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.