രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പഞ്ചായത്ത് തല ഓക്സിലറി ഗ്രൂപ്പ് രൂപീകരണ യോഗം പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ സി.മാധവി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാധാകൃഷ്ണ ഗൗഡ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത അരവിന്ദൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ സി.ആർബിജു, സൗമ്യമോൾ, കെ.എസ്.പ്രീതി , കെ.കെ.വേണുഗോപാൽ, സിഡിഎസ് സബ്കമ്മിറ്റി കൺവീനർ പി.പി.പുഷ്പലത എന്നിവർ പ്രസംഗിച്ചു. സ്ത്രീകളുടെ കാര്യശേഷി, സാമൂഹ്യ ഇടപെടൽ എന്നിവ വർദ്ധിപ്പിക്കുന്നതിനും വരുമാന ദായക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവും അവസരങ്ങളും കുടുംബശ്രീ അംഗങ്ങൾക്കെന്ന പോലെ അയൽക്കൂട്ട അംഗങ്ങളലാത്ത വർക്കും ലഭ്യമാക്കി സ്ത്രീ ശാക്തീകരണവും,സാമ്പത്തിക ശാക്തീകരണവും നേടുക എന്ന ലക്ഷ്യത്തോടെ 18 മുതൽ 40വയസ്സുവരെയുള്ള യുവതികളുടെ കൂട്ടായ്മയാണ് ഓക്സിലറി ഗ്രൂപ്പ്. പഞ്ചായത്തിലെ 15 വാർഡിലേയും ഓക്സിലറി ഗ്രൂപ്പ് രൂപീകരണ പ്രവർത്തനങ്ങൾക്ക് നാലാം വാർഡിൽ തുടക്കം കുറിച്ചു.പത്ത് മുതൽ അൻപത് യുവതികളെ വരെ ഉൾപ്പെടുത്തിയാണ് ഓക്സിലറി ഗ്രൂപ്പുകൾ വാർഡ് തലങ്ങളിൽ രൂപീകരിക്കുന്നത് പഞ്ചായത്തിലെ 750 ൽ അധികം വരുന്ന അഭ്യസ്തവിദ്യരായ യുവതികളുടെ നൈപുണ്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കുവാനും, നൂതന സംരംഭ സാധ്യതയും കൂടി ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിലൂടെ പനത്തടി സി ഡി എസ് ലക്ഷ്യമിടുന്നു. ജില്ലാ മിഷൻ ബ്ലോക്ക് കോർഡിനേറ്റർ കെ.ഷൈജ ക്ലാസടുത്തു. എഡിഎസ് പ്രസിഡന്റ് ശ്രീലേഖ നന്ദി പറഞ്ഞു.