
രാജപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററായി തിരഞ്ഞെടുക്കപ്പെട്ട അട്ടേങ്ങാനം ബേളൂര്‍ സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്പെന്‍സറിയില്‍ യോഗ പരിശീലനം ആരംഭിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു.ആരോഗ്യവും ആഹാരവും എന്ന വിഷയത്തില്‍ നാച്ചുറോപതി മെഡിക്കല്‍ ഓഫിസര്‍ ഡോ.എം.പൂജ ക്ലാസെടുത്തു. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍ നിന്നും രോഗം വരാതെ ജനങ്ങളെ ആരോഗ്യവാന്മാരായി മുന്നോട്ടു നയിക്കാനുള്ള മാര്‍ഗങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍ എന്ന നിലയിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ആദ്യ പടിയായി ഇരുപത്തിയഞ്ചോളം സസ്യങ്ങള്‍ ഉള്‍പ്പെടുത്തി ഔഷധ ഉദ്യാനം ഡിസ്‌പെന്‍സറി പരിസരത്ത് നിര്‍മിച്ചിരുന്നു. ഗര്‍ഭിണികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കിയുള്ള യോഗ പരിശീലനമാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനുള്ള ബോധവല്‍ക്കരണ ക്ലാസുകളും ഇതോടൊപ്പം നല്‍കും.ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഐ.ആര്‍.അശോക കുമാര്‍ മുഖ്യതിഥിയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനി കൃഷ്ണന്‍, കോടോം ബേളൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എന്‍.എസ്.ജയശ്രീ, മെഡിക്കല്‍ ഓഫിസര്‍ ഡോ.ജാരിയ റഹ്‌മത്ത്, വാര്‍ഡംഗം പി.ഗോപി, വാര്‍ഡ് കണ്‍വീനര്‍ എ.അരവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.