- പാണത്തൂര്‍: മലയോരത്തെ തണുപ്പിച്ചും നാശം വിതച്ചും ശക്തമായ വേനല്‍മഴ. പാണത്തൂര്‍ പെരിയാരത്ത് മഴയിലും കാറ്റിലും പെട്ട് ഒരു വീടു് പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നു. പെരിയാരത്തെ എസ്. ശ്രീനിവാസന്റെ ഷീറ്റിട്ട വീടാണ് പൂര്‍ണമായി തകര്‍ന്നത്. സരസ്വതി, ബിജു എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു.കനത്ത കാറ്റില്‍ പനത്തടി പഞ്ചായത്തിലെ പല ഭാഗങ്ങളിലും തെങ്ങ്, കമുക്, റബര്‍ തുടങ്ങിയവ ഒടിഞ്ഞുവീണ് വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ഓടെ ആരംഭിച്ച മഴ ഒന്നരമണിക്കൂറോളം നീണ്ടു. ഇതിനിടെ ശക്തമായ കാറ്റിലും മഴയിലും പെട്ട് ബളാംതോട് വൈദ്യുതി സെക്ഷനുകീഴില്‍ പല സ്ഥലങ്ങളിലും മരം കടപുഴകി വീണും മറ്റും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പനത്തടി തച്ചര്‍കടവ്, ചെറാക്കോട്, കൊളപ്പുറം, തുമ്പോടി, തിമ്മംചാല്‍, വട്ടക്കയം, എരിഞ്ഞിലംകോട്, കമ്മാടി, പരിയാരം തുടങ്ങിയ സ്ഥലങ്ങളിലാണ് മരം പൊട്ടിവീണതോടെ വൈദ്യതി വിതരണം തടസ്സപ്പെട്ടത്. പല സ്ഥലങ്ങളിലും വൈദ്യുതി തൂണുകളും തകര്‍ന്നിട്ടുണ്ട്. പ്രധാന ലൈനില്‍മാത്രം മരം വീണ് ഏഴ് വൈദ്യുത തൂണുകളാണ് തകര്‍ന്നത്. കമ്മാടിയിലും പരിയാരത്തും മരംവിണ് ഹൈടെന്‍ഷന്‍ ലൈനുകളും തകര്‍ന്നു. പ്രധാന ലൈനില്‍ വൈദ്യുതി വിതരണം രാത്രിയോടെ പുനസ്ഥാപിച്ചെങ്കിലും ഉള്‍നാടന്‍ മേഖലകളില്‍ വൈദ്യുതി വിതരണം തടസപെട്ടു. കഴിഞ്ഞ നാല് ദിവസങ്ങള്‍ക്കിടെ പനത്തടി, കള്ളാര്‍, കോടോംബേളൂര്‍ പഞ്ചായത്തുകളിലെ മിക്ക സ്ഥലങ്ങളിലും ശക്തമായ വേനല്‍മഴയാണ് ലഭിച്ചത്.