ഉക്രയിനില്‍ നിന്നും ചുള്ളിക്കര എരുമപ്പള്ളത്തെ മാര്‍ത്ത ഹണി സുരക്ഷിതയായി വീട്ടിലെത്തി.

രാജപുരം: യുദ്ധഭൂമിയില്‍ നിന്നും മകള്‍ മാര്‍ത്ത ഹണി സുരക്ഷിതയായി വീട്ടില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ചുള്ളിക്കര എരുമപ്പള്ളത്തെ എം.വി.ജോസഫും ഭാര്യ സുവര്‍ണ ജോസഫും . ശനിയാഴ്ച രാവിലെ എഴുമണിയോടെയാണ് മാര്‍ത്ത ഹണി വീട്ടില്‍ എത്തിയത്. ഉക്രയിനില്‍ ഒഡേസ നാഷനല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് മാര്‍ത്ത ഹണി . യുദ്ധം തുടങ്ങി. 27 ന് ഞങ്ങള്‍ മോള്‍ഡാവ ബോര്‍ഡര്‍ കടന്നതായി മാര്‍ത്ത ഹണി പറയുന്നു. അവിടെ പട്ടാള ക്യാമ്പിലായിരുന്നു താമസം. ഞങ്ങള്‍ ഇരുന്നൂറോളം പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. മോള്‍ഡോവ മെഡിക്കല്‍ കോളജിലെ മലയാളി വിദ്യാര്‍ത്ഥികള്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഹോസ്റ്റലില്‍ തന്നെ താമസ സൗകര്യമൊരുക്കി. മള്‍ഡോവയില്‍ നിന്ന് മാര്‍ച്ച് 3 ന് റൊമേനിയയിലേക്കാണ് പോയത്. രാവിലെ എത്തി വൈകിട്ട് തന്നെ റൊമേനിയയില്‍ നിന്നും വിമാനം കയറി. 4 ന് രാവിലെ ന്യൂഡല്‍ഹിയില്‍ എത്തി. വൈകിട്ട് 5 നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും നോര്‍ക്കയുടെ ബസില്‍ കാഞ്ഞങ്ങാട്ടും എത്തുകയുമായിരുന്നു. പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍ വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ ആന്റണി ജോസഫ് എന്നിവര്‍ വീട്ടില്‍ എത്തി.

Leave a Reply