
രാജപുരം: ബളാൽ ചുള്ളിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മലാൻ കുഞ്ഞിന്റെ അവശിഷ്ടം കണ്ടെത്തി. മാംസം ഭക്ഷിച്ച നിലയിലാണ് ഒരു വയസിൽ താഴെ പ്രായമുള്ള മലാൻ കുഞ്ഞിനെ നാട്ടുകാർ കണ്ടത്. പുലി ഇറങ്ങിയതാണെന്ന അഭ്യൂഹം പരന്നതോടെ നാട്ടുകാർ ഭീതിയിലായി. നീലേശ്വരം സ്വദേശി മൊയ്തു ഹാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് അവശിഷ്ടം കണ്ടത്. സമീപ സ്ഥലത്ത് കണ്ട കാൽപാടുകൾ പുലിയുടെ തല്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ചെന്നായ്ക്കളാണ് മലാൻ കുഞ്ഞിനെ പിടിച്ച് ഭക്ഷിച്ചതെന്നാണ് നിഗമനം.