രാജപുരം: നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ 18 ഉരുകളിലെ 500 കുടുംബങ്ങൾക്കായി സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് (സി.ആർ.ഡി) നടപ്പിലാക്കുന്ന ആദിവാസി വികസന പ്രവർത്തനത്തിന്റെ ഭാഗമായി ജൈവ വളം വിതരണം ചെയ്തു. ആദിവാസി തൊഴിലാളികളുടെ സഹായത്തോടെ വേങ്ങച്ചേരി ഊരിൽ പ്രാദേശികമായി തയ്യാറാക്കിയ ജൈവ വളമാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ചിരിക്കുന്ന തെങ്ങ്, കമുക്, കശുമാവ്, കുരുമുളക്, മഞ്ഞൾ ചേന എന്നിവയുടെ പരിപാലനത്തിന്റെ ഭാഗമായാണ് ജൈവ വളം നൽകുന്നത്. മഴക്കാല ആരംഭത്തിൽ ഡോളോമൈറ്റും കാർഷിക വിളകൾക്ക് നൽകിയിരുന്നു. പരിപാലനത്തിന്റെ ഭാഗമായി തുടർച്ചയായി മൂന്ന് വർഷം ജൈവ വളം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശികമായി ജൈവ വളം ഉല്പാദിപ്പിച്ചതു കൊണ്ട് തന്നെ ഗുണമേന്മ ഉറപ്പു വരുത്താനും തൊഴിൽ കൂലി ആദിവാസി കുടുംബങ്ങൾക്ക് തന്നെ ലഭ്യമാക്കാനും ഈ വർഷം നൽകേണ്ടുന്ന 50000 കിലോഗ്രാമിന് പകരമായി 60000 കിലോഗ്രാം ഉല്പാദിപ്പിച്ച് വിതരണം ചെയ്യാനും സാധിച്ചിട്ടുണ്ട്. ജൈവവള വിതരണ ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പി. ദാമോദരൻ അദ്ധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, വാർഡംഗം ഇ.ബാലകൃഷ്ണൻ, സി.ആർ.ഡി പ്രോഗ്രം ഓഫീസർ ഇ.സി ഷാജി, പി.ടി.ഡി.സി പ്രസിഡണ്ട് രമേശൻ മലയാറ്റുകര എന്നിവർ സംസാരിച്ചു. കെ.എ.ജോസഫ് സ്വാഗതവും എൻ.പത്മനാഭൻ നന്ദിയും പറഞ്ഞു.