രാജപുരം: റോഡു പണിയുടെ ഭാഗമായി വളവുകളിൽ പരസ്പരം വാഹനങ്ങൾ കാണാത്ത വിധം സൂചന ബോർഡുകൾ സ്ഥാപിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ബളാംതോടിന്നും പനത്തടിക്കും ഇടയിലെ വളവിൽ കലുങ്ക് പണി നടക്കുന്ന സ്ഥലത്താണ് ഇത്തരത്തിൽ റോഡിൽ കലുങ്കിനോട് ചേർന്ന് ബോർഡും, ടാർ വീപ്പകളും വച്ചിട്ടുള്ളത്. ഇത് കാർ, ഓട്ടോറിക്ഷാ ഇരു ചക്ര വാഹനങ്ങൾ പോലുള്ള ചെറിയ വാഹനങ്ങൾക്ക് വളവിൽ എതിരെ വരുന്ന മറ്റു ചെറിയ വാഹനങ്ങളെ കാണുന്നതിന് മറയാകുന്നതായി പറയുന്നു, കഴിഞ്ഞ ദിവസം തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. സൂചനാ ബോർഡുകൾ വാഹനത്തിന്റെ ഡ്രൈവർമാർക്ക് ദൂരെ നിന്നും കാണുന്ന വിധത്തിലും എന്നാൽ എതിരെ വരുന്ന വാഹനങ്ങൾ മറയാകാത്ത വിധത്തിലും സ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.