
രാജപുരം: പൂടംകല്ല് പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രി പൂർണ്ണ തോതിൽ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഡോക്ടർമാരും പാരാ മെഡിക്കൽ ജീവനക്കാരും ഇല്ലാതെ ദുരിതക്കയത്തിൽ അകപ്പെട്ടു കിടക്കുമ്പോഴും ബന്ധപ്പെട്ട അധികാരികളും ഭരണ നേതൃത്വവും അനങ്ങാപാറ നയം സ്വീകരിക്കുന്നതിന് എതിരെ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ യുടെ നേതൃത്വത്തിൽ സെപ്റ്റംബർ മാസം 11 ന് ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തിയിട്ടും ആരോഗ്യ വകുപ്പ് അധികൃതർക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ രണ്ടാം ഘട്ട തുടർ സമരം നടത്താൻ കള്ളാർ വ്യാപാര ഭവനിൽ വച്ച് ചേർന്ന പൂടങ്കല്ല് താലൂക്ക് ആശുപത്രി സമര സംഘാടക സമിതി യോഗം തീരുമാനിച്ചു. അതിൻ്റെ ഭാഗമായി ഡി.എം.ഒ ഓഫീസ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ ക്ക് എയിംസ് ജനകീയ കൂട്ടായ്മ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യോഗം കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു.
എയിംസ് ജനകീയ കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. കൂട്ടായ്മ വൈസ് പ്രസിഡൻ്റ് സൂര്യനാരായണ ഭട്ട്, സീനിയർ സിറ്റിസൺ ഫോറം നേതാവ് ജോർജ് വർഗീസ്, ബി.അശോക് കുമാർ എന്നിവർ സംസാരിച്ചു. എയിംസ് ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.