രാജപുരം: കള്ളാർ ചുള്ളിത്തട്ട് റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വീടുകൾ അപകടാവസ്ഥയിൽ ‘ കരാറുകാരനും എഞ്ചിനിയർക്കുമെതിരെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാതി. മുഖ്യമന്ത്രി, പെതുമരാമത്ത് മന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, ജില്ലാ കളക്ടർ എന്നിവർക്കാണ് പരാതി നൽകിയത്. കള്ളാർ പഞ്ചായത്തിൽ കള്ളാർ- അടോട്ടുകയ പൊതുമരാമത്ത് റോഡിന് 10 കോടി രൂപ അനുവദിച്ചിരുന്നു. റോഡിന്റെ പണി ഏകദേശം പൂർത്തീകരിച്ചു. ഈ റോഡിന്റെ സൈഡിൽ 2 കുടുംബങ്ങൾ താമസിക്കുന്നു. ഈ രണ്ട് വീടും റോഡിൽ നിന്നും 2 മീറ്റർ മാത്രം വീതിയിലും 6 മീറ്റർ ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്. വീടിരിക്കുന്ന റോഡിന്റെ തുടക്കം മുതൽ എസ്റ്റിമേറ്റ് എടുക്കുമ്പോൾ നാട്ടുകാരും കമ്മിറ്റിക്കാരും പഞ്ചായത്തും ആവശ്യപ്പെട്ടതാണ് ഈ വീട് സംരക്ഷിക്കുന്നതിന് മുൻ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് കൊടുക്കണമെന്ന്. ഇത് എസ്റ്റിമേറ്റിൽ ഉണ്ട് എന്നാണ് എഞ്ചിനീയർ വിഭാഗവും കോൺട്രാക്ടറും ഞങ്ങളെ ധരിപ്പിച്ചത്. 3 മാസങ്ങൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്യാനാണെന്നും പറഞ്ഞ് 2 മീറ്ററോളം വീണ്ടും വീടിന് സൈഡിലേക്ക് മണ്ണെടുത്തു. ഇപ്പോൾ തന്നെ കോൺക്രീറ്റ് ചെയ്യും എന്ന് പറഞ്ഞാണ് മണ്ണെടുത്തത്. നാളിതുവരെയായും പണി എടുത്തിട്ടില്ല. ഈ കഴിഞ്ഞ ദിവസം മഴക്ക് വീടിന്റെ സൈഡ് വരെ ഇടിയുകയും ബാക്കി ഭാഗം പൊട്ടി കിടക്കുകയും ചെയ്യുന്നു. ഇനി ഒരു മഴ പെയ്താൽ വീട് അടക്കം ഇടിഞ്ഞു പോകുന്ന അവസ്ഥയാണുള്ളത് വീട്ടിൽ താമസിക്കുന്നവർ മാറി താമസിക്കുവാൻ തയ്യാറല്ല. അവിടെ താമസിക്കുന്നിടത്തോളം കാലം ഇവരുടെ ജീവന് ഭീഷണിയാണ്. ഈ പ്രശ്നം എഞ്ചിനീയറെയും കോൺട്രാക്ടറെയും അറിയിച്ചുയെങ്കിലും ആവശ്യമായ നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. അടിയന്തരമായി ഈ കുടുംബത്തെ സംരക്ഷിക്കുന്നതിനും വീട് സംരക്ഷിക്കുന്നതിനും നടപടിയെടുക്കണമെന്നും ഈ പ്രശ്നം അറിയിച്ചിട്ടും ആവശ്യമായ ഇടപെടലുകൾ നടത്താത്ത എഞ്ചിനീയർക്കും കോൺട്രാക്ടർക്കും എതിരെ നടപടിയെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. നാരായണൻ ആവശ്യപ്പെട്ടു.