രാജപുരം : പരിസ്ഥിതി ദിനത്തിൽ വാർഡിൽ രണ്ട് പച്ചതുരുത്തുകളും മുഴുവൻ വീടുകളിലും എൻ്റെ മരം എന്ന പദ്ധതിയുടെ ഭാഗമായി മരതൈ നട്ടു നൽകുന്ന പ്രവർത്തനത്തിനും കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉൽഘാടനം പാറപ്പള്ളി ഗ്രാമസേവാ കേന്ദ്രത്തിൽ പ്ലാവിൻ തൈനട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജൂൺ 5 മുതൽ 15 വരെയായി വാർഡിലെ 700 വീടുകളിൽ കുഴികുത്തി ഫല വൃക്ഷ തൈകളടക്കം വെച്ചു കൊടുക്കുകയും വീട്ടുകാർ എൻ്റെ മരം എന്ന പേരിൽ അത് സംരക്ഷിക്കുകയും ചെയ്യും. അതോടൊപ്പം ഗുരുപുരം, പാറപ്പള്ളി എന്നിവിടങ്ങളിൽ പച്ച തുരുത്തും നിർമ്മിക്കും. തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ അംഗങ്ങൾ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടക്കുന്നത്. പാറപ്പള്ളിയിൽ നടന്ന ഉൽഘാടന പരിപാടിയിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻറുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, തൊഴിലുറപ്പ് അസി.എഞ്ചിനീയർ കെ.ബിജു, മുൻ മെമ്പർമാരായ പി.നാരായണൻ, പി.എൽ.ഉഷ, യോഗാധ്യാപകൻ കെ.വി.കേളു എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും എഡിഎസ് സെക്രട്ടറി ടി.കെ.കലാരഞ്ജിനി നന്ദിയും പറഞ്ഞു.