രാജപുരം: ഉന്നത വിദ്യാഭ്യാസം മികച്ച രീതിയിൽ ആർജിക്കുന്നതിലൂടെ മാതൃരാജ്യത്തിന് വേണ്ടി പ്രവർത്തിക്കുവാൻ വിദ്യാസമ്പന്നർ തയ്യാറാകണമെന്നും, അവസരങ്ങൾ തേടി വരുവാൻ കാത്തു നിൽക്കാതെ അവസരങ്ങളെ തേടിപ്പോകുവാൻ വിദ്യാർഥികൾ തയ്യാറാകണമെന്നും ഇന്ത്യയുടെ പ്രഥമ അന്റാർട്ടിക് പര്യവേഷണ ഗവേഷണ ദൗത്യത്തിന് നേതൃത്വം വഹിച്ച മലയാളിയായ പഞ്ചാബ് സർവകലാശാല പ്രൊഫസർ ഡോ. ഫെലിക്സ് ബാസ്റ്റ്. രാജപുരം സെന്റ് പയസ് ടെന്ത് കോളേജിൽ പ്രഥമ നാലുവർഷ ബിരുദ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെലിക്സ് ബാസ്റ്റിനെ പോലെയുള്ള പൂർവ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന ശ്രദ്ധേയമായ ഗവേഷണങ്ങൾ ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഗണ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നുള്ളത് അഭിമാനകരം എന്ന് പ്രിൻസിപ്പാൾ ഡോ. ബിജു ജോസഫ് അറിയിച്ചു. മേരി ക്യൂറി ഗവേഷണ ഫെലോഷിപ്പ് നേടിയ ജെസ്വിൻ ജിജിയെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു.