രാജപുരം: വയനാട്ടിലെ ചൂരൽമല, മുണ്ടങ്കൈ പ്രദേശങ്ങളിലെ പ്രകൃതി ദുരന്തത്തിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശേരിൽ. മരിച്ചവരുടെയും, കാണാതായവരുടെയും ദുഃഖത്തിലും,കഷ്ടതയിലും കോട്ടയം അതിരൂപതയും പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. കഷ്ടതകളിലും, ദുരിതങ്ങളിലും പങ്കുചേരുന്ന നമ്മുക്ക് ആത്മീയ വിശുദ്ധിയും നന്മയും വന്നുചേരുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നമ്മുടെ സ്നേഹവും, സഹകരണവും പങ്കുവെക്കുവാൻ കിട്ടുന്ന അവസരങ്ങളിൽ ദൈവ സ്നേഹത്തെ പ്രതി നാം അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
രാജപുരം ഫൊറോനയിലെ പാരീഷ് കൗൺസിൽ അംഗങ്ങളുടെയും, വൈദികരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോസഫ് പണ്ടാരശ്ശേരിൽ. കണ്ണൂർ ശ്രീപുരം പാസ്റ്റർ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ, ഫാ. സിബിൻ കൂട്ടുക്കലിങ്കൽ, കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം ജെയിംസ് ഒരാപ്പാങ്കൽ, ജെസ്വിൻ ജിജി കിഴക്കേപ്പുറത്ത് എന്നിവർ സംസാരിച്ചു.
മേരി ക്യൂറി സ്കോളർഷിപ്പ് നേടി ഫ്രാൻസിൽ പി എച്ച് ഡി പഠനത്തിന് അർഹത നേടിയ ജെസ്വിൻ ജിജി കിഴക്കേപ്പുറത്തിനെ യോഗത്തിൽ വെച്ച് ആദരവ് നൽകി അനുമോദിച്ചു.