രാജപുരം : ചെണ്ടവാദ്യങ്ങളുടെയും ആര്‍പ്പുവിളികളുടെയും അകമ്പടിയോടെ ചെത്തിമിനുക്കിയ പാലമരം ക്ഷേത്ര വയലിലെത്തിച്ചതോടെ ഇരിയ പൊടവടുക്കം ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തുലാമാസ തിരുവോണമെന്ന് വിശേഷിപ്പിക്കുന്ന പൊലിയന്ദ്രം ചടങ്ങിന് തുടക്കമായി. നൂറുകണക്കിന് ഭക്തരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്നലെ രാവിലെ ക്ഷേത്രവയലിലെത്തിയത്. ക്ഷേത്ര പരിധിയില്‍ നിന്ന് ഐതിഹ്യത്തില്‍ പറയുന്ന രീതിയിലുളള ലക്ഷണമൊത്ത പാലമരം ക്ഷേത്ര വിധിപ്രകാരം കണ്ടെത്തിയാണ് പൊലിയന്ദ്രം ചടങ്ങിനായി തീരുമാനിക്കുന്നത്. ഇത്തവണ ഏഴാംമൈയില്‍ പോര്‍ക്കളത്തില്‍ നിന്നാണ് പാലമരം ക്ഷേത്രത്തിലേക്കെത്തിച്ചത്. പാലമരം മുറിച്ച് ചെത്തിമിനുക്കി പ്രത്യേക വടം കെട്ടി വാല്യക്കാര് ചുമലിലേറ്റി കിലോമീറ്റര്‍ ചുറ്റിയാണ് പൊടവടുക്കം ക്ഷേത്രവയലിലെത്തിച്ചത്. ക്ഷേത്ര വയലിലെത്തിച്ച പാലമരം വയലില്‍ മൂന്നുവലംവെച്ച് നിലത്തുവെച്ചു വണങ്ങി. തുടര്‍ന്ന് മരത്തില്‍ ദീപശാഖകള്‍ ഉറപ്പിച്ച ശേഷം വയലില്‍ നാട്ടി.
തുലാമാസത്തിലെ വാവ് ദിവസമാണ് പ്രദേശത്തിന് തന്നെ ഐശ്വര്യപ്രദായകമായ അപൂര്‍വ ചടങ്ങ് നടക്കുന്നത്. ബലീന്ദ്ര പൂജ ലോപിച്ചാണ് പൊലിയന്ദ്രം എന്ന വാക്കുണ്ടായതെന്ന് പഴമക്കാര്‍ പറയുന്നു. അസുര രാജാവായിരുന്ന മഹാബലിയെ അരിയിട്ട് വാഴിക്കുന്ന പൊലിയന്ദ്രം എന്ന ആഘോഷ രീതിയാണ് വാവു തൊട്ടുള്ള മൂന്ന് ദിവസങ്ങളില്‍ ആചരിക്കുന്നത്. നിലവില്‍ കാസര്‍കോട് ജില്ലയിലെ പൊടവടുക്കത്തും, കീഴൂരും മാത്രമാണ് ഈ ആഘോഷം ആഘോഷിക്കുന്നത്. പൊലിയന്ദ്രം വിളി എന്ന പേരിലാണ് കേരളത്തില്‍ ആഘോഷം അറിയപ്പെട്ടിരുന്നത്. മഹാബലിയെന്ന അദൃശ്യ ശക്തിയുടെ സങ്കല്‍പ്പത്തില്‍ ആര്‍പ്പുവിളികളോടെ കൂറ്റന്‍ പാലമരം എഴുന്നള്ളിച്ച് കൊണ്ടുവരുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നത്. പരിഷ്കൃത സമൂഹത്തില്‍ നിന്ന് ഈ ആചാരങ്ങള്‍ വീടുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജില്ലയിലെ വടക്കന്‍ പ്രദേശത്ത് കന്നഡികര്‍ വീടുകളില്‍ പൊലിയന്ത്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധി എന്ന നാടന്‍ പാട്ടും പാടാറുണ്ട്. പാലമരത്തിന്റെ ശിഖരങ്ങള്‍ വെട്ടിയെടുത്ത് ചിരട്ടയില്‍ തിരികത്തിച്ചുവെച്ച് അരിയെറിഞ്ഞാണ് ദീപാവലി നാളില്‍ വീടുകളില്‍ മഹാബലി രാജാവിനെ സ്തുതിച്ചു പാടുന്നത്. ക്ഷേത്ര വയലില്‍ സ്ഥാപിക്കുന്ന കൂറ്റന്‍ പാലമരത്തില്‍ വലിയ ഏണിവെച്ചാണ് രാത്രിയില്‍ പാലമരത്തിനു മുകളിലെ തിരികള്‍ തെളിയിക്കുന്നത്. പൊലിയന്ദ്രം ചടങ്ങ് നടക്കുന്ന ദിവസത്തെ വാവിനും സവിശേഷ പ്രാധാന്യമുണ്ട്. കേരളത്തില്‍ പിതൃക്കളെ സ്വീകരിച്ച് ആദരിക്കുന്ന ദിവസമായും ഈ ദിവസം ആഘോഷിക്കാറുണ്ട്.