മിറ്റില്‍ കയറ്റി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ 3 മണിക്കൂറിന് ശേഷം പുറത്തെടുത്തു

  • രാജപുരം: മിറ്റില്‍ കയറ്റി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ 3 മണിക്കൂറിന് ശേഷം പുറത്തെടുത്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ലോറി ഡ്രൈവര്‍ യു എസ് വിഷ്ണുസന്തോഷ് (28)നാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച്ച പകല്‍ 2 മണിയോടെ ചീമേനിയില്‍ നിന്നും മിറ്റിലുമായി പാണത്തൂരിലേക്ക് പോകുന്ന ടിപ്പര്‍ ലോറി പുഞ്ചക്കര മുസ്ലീം പള്ളിക്ക് സമീപത്ത് ഇറക്കത്തില്‍ മറിഞ്ഞ് ലോറി ഡ്രൈവര്‍ മൂന്ന് മണിക്കൂറോളം ലോറിയില്‍ കുടിങ്ങി കിടന്നത്. ഡ്രൈവറുടെ കാല്‍ വാഹനത്തിന്റെ സ്റ്റിയറിംഗിനടിയില്‍ അമര്‍ന്നതിനാല്‍ വാഹനത്തില്‍ നിന്നും ഡ്രൈവറെ പുറത്തെടുക്കാന്‍ ഏറെ നേരം പണിപ്പെടേണ്ടി വന്നു. പരിക്കേറ്റ ഡ്രൈവര്‍ അവശനിലയില്‍ ആയതോടെ പൂടംങ്കല്ല് സി എച്ച് സിയില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ സി സുകുവിന്റെ നേതൃത്വത്തില്‍ എത്തിയ മെഡിക്കല്‍ സംഘം മറിഞ്ഞ ലോറിയില്‍ വെച്ച് തന്നെ പരിക്കേറ്റ് അവശനിലയില്‍ കിടക്കുന്ന ഡ്രൈവര്‍ക്ക് ഓക്സിജനും, പ്രാഥമിക ചികില്‍സയും നല്‍കി. രാജപുരം പൊലീസും, നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കുറ്റിക്കോലില്‍ നിന്നും, കാസര്‍കോട് നിന്നും ഫയര്‍ഫോഴ്സ് എത്തി വാഹനം ഇലക്ട്രോണിക്സ് കട്ടര്‍ ഉപയോഗിച്ച് വാഹനത്തിന്റെ മുന്‍ ഭാഗം കട്ട് ചെയത്തിന് ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത് ഇതോടൊപ്പം നാട്ടുകാരും, ഡ്രൈവര്‍മാരും എല്ലാം ചേര്‍ന്ന് കട്ടിങ്ങ് മെഷീന്‍ ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങള്‍ കട്ട് ചെയ്തു മാറ്റിയതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷം 5 മണിയോടെയാണ് ആധുനിക സൗകര്യത്തോടെ എല്ലാം സജ്ജീകരണവുമായി പുറത്ത് ഒരുക്കി നിര്‍ത്തിയ പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആംബുലന്‍സില്‍ ഡോക്ടര്‍മാരുടെയും, നേഴ്സുമാരുടെയും പരിചരണത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും കൊണ്ടു പോയി. പയ്യന്നൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ള ടിപ്പര്‍ നിറയെ മിറ്റിലുമായി വരുന്നതിന് ഇടയില്‍ ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രെയ്ക്ക് പോയതിനെ തുടര്‍ന്ന് വാഹനം റോഡ് വക്കിലെ മണ്‍തിട്ടയില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. രാജപുരം എസ് ഐ ജയകുമാര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ ഷാജി ജോസഫ്, കനകരാജ്, പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ടി കെ നാരായണന്‍ മെമ്പര്‍മാരായ എം എം സൈമണ്‍, ഇ കെ ഗോപാലന്‍, സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍, യു ഉണ്ണികൃഷ്ണന്‍, ഒക്ലാവ് കൃഷ്ണന്‍, ഷാലുമാത്യു, വി കുഞ്ഞിക്കണ്ണന്‍, സിജോ ചാമക്കാലായില്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Leave a Reply