
- രാജപുരം: ജില്ലാ പഞ്ചായത്ത് റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കാനായ കത്തോലിക്ക കോണ്‍ഗ്രസ് സമരത്തിലേക്ക്. രാജപുരം-ബളാല്‍ റോഡിനോട് കാണിക്കുന്ന അവഗണനയ്ക്ക് എതിരെ സമരത്തിനൊരുങ്ങി ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്(കെ.സി.സി.). രണ്ടാഴ്ചക്കുള്ളില്‍ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയും രാജപുരം-ബളാല്‍ റോഡുമടക്കം ഉപരോധിച്ചുള്ള ശക്തമായ സമരത്തിന് ഇറങ്ങുമെന്ന് ഭാരവാഹികള്‍. മലയോര പഞ്ചായത്തുകളായ പനത്തടി, കള്ളാര്‍, കോടോം-ബേളൂര്‍ എന്നി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക് എത്താന്‍ കഴിയുന്നതും ഇവിടത്തുകാര്‍ക്ക് കണ്ണൂര്‍ ഭാഗത്തേക്കുള്ള ദൂരം കുറയ്ക്കുന്നത് മായ റോഡാണ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. നേരത്തെ രാജപുരം മുതല്‍ പുഞ്ചക്കര വരെയുള്ള 3.5 കിലോമീറ്റര്‍ ഭാഗം മെക്കാഡം ടാറിംങ് നടത്താനായി 2.74 കോടി അനുവദിച്ചിരുന്നു. പിന്നീട് നടന്ന ട്രാഫിക്ക് സര്‍വേയില്‍ വാഹന സാന്ദ്രത കുറവെന്ന കാരണം പറഞ്ഞ് മെക്കാഡം ടാറിംങ് നടത്തിയില്ല. പിന്നീട് ഇതേ തുക വച്ച് സാധാരണ ടാറിംങ് നടത്താന്‍ ചീഫ് എന്‍ജിനിയറുടെ അനുമതി തേടി. എന്നാല്‍ നീക്കി വച്ച തുക ഉപയോഗിച്ച് ബളാല്‍ വരെ സാധാരണ ടാറിംങ് നടത്തി നവീകരിക്കണമെന്ന് അറിയിച്ച് ഫയല്‍ മടക്കുകയായിരുന്നു. പിന്നീട് ഈ പ്രവൃത്തി നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് സാങ്കേതിക വിഭാഗം പല തവണ കരാര്‍ നടപടിക്ക് ശ്രമിച്ചെങ്കിലും അടങ്കല്‍ തുക കുറവായതിനാല്‍ കരാറെടുക്കാന്‍ ആരും തയ്യാറായില്ല. ഇതോടെ റോഡ് നവീകരണം എന്ന ജനങ്ങളുടെ ആവശ്യം സ്വപ്നമായി അവശേഷിച്ചു. പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്രക്കാര്‍ക്ക് പോലും ദുരിതമായ റോഡിന്റെ അറ്റകുറ്റപ്പണിയെങ്കിലും നടത്താനുള്ള സന്മനസ്സ് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഈ റോഡിലൂടെയുള്ള യാത്ര ദുരിതം സഹിക്കാവുന്നതിലും അപ്പുറം ആയതോടെയാണ് കെ.സി.സി.രാജപുരം ഫൊറോനാ-യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ സമരത്തിന് ഒരുങ്ങുന്നതെന്ന് കെ.സി.സി.ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പി.ജെ.മാത്യു പൂഴിക്കാലായില്‍, ബാബു കദളിമറ്റം, സജി പ്ലാച്ചേരിപ്പുറത്ത്, ജോസ് മരുതൂര്‍, ജോസഫ് ചെട്ടിക്കത്തോട്ടത്തില്‍, ഷാജി ചാരാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.