കാരുണ്യ യാത്ര നടത്തി പാവപ്പെട്ട രോഗികള്‍ക്ക് സഹായമാകുകയാണ് ചുള്ളിക്കരയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍

രാജപുരം: കാരുണ്യ യാത്ര നടത്തി പാവപ്പെട്ട രോഗികള്‍ക്ക് സഹായമാകുകയാണ് ചുള്ളിക്കരയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍. നെരുദ എന്ന പേരില്‍ സ്വാശ്രയ സംഘവും ഇവര്‍ക്കുണ്ട്. തങ്ങളുടെ ഓട്ടോറിക്ഷകള്‍ കാരുണ്യ വണ്ടികളായി ഓടി ലഭിക്കുന്ന തുക കൊണ്ടാണവര്‍ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാവുന്നത്. 13 അംഗങ്ങളാണ് സംഘത്തിലുള്ളത് എല്ലാവരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍. എല്ലാ രണ്ടാമത്തെ ശനിയാഴ്ച്ചയാണ് 13 ഓട്ടോറിക്ഷകളും കാരുണ്യയാത്ര നടത്തുന്നത്. അന്നു ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്കു മാറ്റും. പിന്നീട് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കും. ശരീരം തളര്‍ന്നു കിടപ്പിലായ കോളിച്ചാലിലെ ബസ് ജീവനക്കാരന്‍ ജയകുമാര്‍, ക്യാന്‍സര്‍ ബാധിതനായ കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കുടുംബൂരിലെ എം. ആദര്‍ശ്, വൃക്ക രോഗിയായ ചുള്ളിക്കരയിലെ ശ്രീജ എന്നിവര്‍ക്ക് ചികിത്സാ സഹായം നല്‍കി കഴിഞ്ഞു. ധനസഹായത്തിനായി ഒട്ടേറെ അപേക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഇതില്‍നിന്ന് പാവപ്പെട്ട വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ കണ്ടെത്തിയാണ് സഹായം നല്‍കുന്നതെന്ന് സംഘം പ്രസിഡണ്ട് കെ .എം ജോണ്‍ സെക്രട്ടറി മനോജ് ജോസഫ് എന്നിവര്‍ പറഞ്ഞു

Leave a Reply