രാജപുരം: കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ വനംവകുപ്പിന് പ്രവേശന ടിക്കറ്റ് വില്‍പനയിലൂടെ ഡിസംബര്‍ മാസം ലഭിച്ചത് 1,89,1910 രൂപയുടെ റെക്കോര്‍ഡ് കളക്ഷന്‍. 2016 ലാണ് റാണിപുരത്ത് വനംവകുപ്പ് വനത്തിന് അകത്തുകൂടി പുല്‍മേട്ടിലേക്ക് ഉള്ള ട്രെക്കിങ്ങിന് ടിക്കറ്റ് കൗണ്ടര്‍ ആരംഭിച്ചത്. നേരത്തെ ഡിടിപിസി കോട്ടയത്തിനു സമീപം കൂടിയായിരുന്നു മലമുകളിലേക്കുള്ള ട്രക്കിങ്. പിന്നീട് വാഹനപാര്‍ക്കിംഗ്, സഞ്ചാരികളുടെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് 750 മീറ്റര്‍ മാറി റോഡ്, പാര്‍ക്കിംഗ് സൗകര്യത്തോടുകൂടി ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ച പ്രവേശനം അതുവഴി ആക്കിയത്.
സ്വകാര്യവ്യക്തി നടത്തിയിരുന്ന പാര്‍ക്കിംഗ് ഇപ്പോള്‍ റാണിപുരം വനസംരക്ഷണ സമിതിയാണ് നിയന്ത്രിക്കുന്നത്. 2016ല്‍ 91,505 രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ വനം വകുപ്പിന് ലഭിച്ചത്. 2017 അത് 1,47,081 രൂപയായി വര്‍ധിച്ചു. അന്ന് 4,460 മുതിര്‍ന്നവരും 704 കുട്ടികളും 21 വിദേശികളുമാണ് റാണിപുരത്ത് എത്തിയത്. 2018 ഡിസംബര്‍ മാസം 1,89,910 രൂപയാണ് കളക്ഷന്‍. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വരുമാനമാണിത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പഠനക്യാമ്പില്‍ എത്തുന്നവര്‍ക്കും മാത്രമാണ് സൗജന്യ പ്രവേശനം നല്‍കുന്നത്. പ്രധാനാധ്യാപകന്‍ സാക്ഷ്യപത്രം ഉള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഇളവുണ്ട്. വേനലധിയും, ക്രിസ്മസ്, ഓണം, അവധിക്കുമാണ് കൂടുതല്‍ ആള്‍ക്കാര്‍ എത്തുന്നത്.നേരത്തെ നിയന്ത്രണങ്ങള്‍ ഒണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാ മാസങ്ങളിലും സന്ദര്‍ശനം അനുവദിക്കുന്നുണ്ട്.
വനംവകുപ്പിന് ഓരോ വര്‍ഷവും വരുമാനം കൂടുന്നുണ്ടെങ്കിലും റാണിപ്പുരത്ത് വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞത് ഗൗരവമായി എടുക്കേണ്ട കാര്യമാണ്. 2017ല്‍ 21 വിദേശികളെത്തിയത് 2018 വര്‍ഷത്തില്‍ 15 പേരായി കുറഞ്ഞു
ജില്ലയിലെ മറ്റു വന്‍കിട റിസോര്‍ട്ട് ഉടമകള്‍ അവരുടെ ടൂറിസ്റ്റ് പാക്കേജില്‍ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തെ ഉള്‍പ്പെടുത്താത്തതാണ് വിദേശികള്‍ എത്താത്തതിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. പ്ലാസ്റ്റിക് ഉപയോഗം വര്‍ധിച്ചതും മറ്റൊരു കാരണമായി പറയുന്നു. വിദേശികളെ എത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വിദേശികളെ എത്തിച്ചാല്‍ വരുമാന വര്‍ധനയുണ്ടാകും. സംസ്ഥാന വിനോദസഞ്ചാര മേഖലകളിലെ കണക്കുകളില്‍ ഏറ്റവും കൂറവ് വിദേശികള്‍ എത്തുന്നത് കാസര്‍കോട് ജില്ലയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. റാണിപുരത്ത് സഞ്ചാരികള്‍ താമസിക്കാന്‍ ഡിടിപിസി സൗകര്യം കേസുകളും ഉണ്ടെങ്കിലും സഞ്ചാരികളുടെ കുറവ് നിലനില്‍പ്പിനെയും സാരമായി ബാധിക്കുന്നു