രാജപുരം: കാസര്‍ഗോഡിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിര്‍ണായക സ്ഥാനം വഹിക്കുന്ന സെന്റ് പയസ് ടെന്‍ത് കോളേജ് രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ക്‌നാനായ കുടിയേറ്റത്തിന്റെ ശക്തികേന്ദ്രമായ രാജപുരം എന്ന മലയോര ഗ്രാമത്തില്‍ കുടിയേറ്റ പിതാക്കള്‍ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് കോട്ടയം അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ്. 1990 ല്‍ പരാലാല്‍ കോളേജായി ആരംഭിച്ച ഈ കലാലയം അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ്,ഫാ സ്റ്റീഫന്‍ ജയരാജ്, ഫാ കുര്യാക്കോസ് താഴത്തോട്ടം, ഫാ സ്റ്റീഫന്‍ നിരവത്ത്, ഫാ തോമസ് വള്ളോപ്പിള്ളി തുടങ്ങി നിരവധി വൈദിക ശ്രേഷ്ഠരുടെയും പ്രദേശവാസികളെയും പരിശ്രമഫലമായി 1995 ജൂലൈ 10ന് കോളേജിനെ എയിഡഡ് കോളേജായി ഉയര്‍ത്തി. ഇതിനുമുമ്പ് മുമ്പ് 1994 മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ധനകാര്യ മന്ത്രി ആയിരിക്കുമ്പോള്‍ ബഡ്ജറ്റില്‍ രാജപുരം കോളേജിന് പ്രത്യേകം എടുത്തു പറഞ്ഞ തുക വകയിരുത്തിയിരിക്കുന്നു.1995 ഓഗസ്റ്റ് 18ന് അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ അധ്യക്ഷതയില്‍ അന്നത്തെ റവന്യൂ മന്ത്രി കെ.എം മാണി കോളേജിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആദ്യം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയോടാണ് കോളേജ് അഫിലിയേറ്റ് ചെയ്തത്. 1996 കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലായി. ഫിസിക്‌സ്, മൈക്രോബയോളജി, ഇക്കണോമിക്‌സ്, എന്നീ മൂന്ന് കോഴ്‌സുകളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത് . കേരളത്തിലാദ്യമായി മൈക്രോബയോളജി എയ്ഡഡ് കോഴ്‌സായി ആരംഭിച്ചത് രാജപുരം കോളേജിലാണെന്ന കാര്യം ശ്രദ്ധേയമാണ്. 1999 ബി ബി എയും, 2001 ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സും, 2005 എം എ ഡെവലപ്‌മെന്റ് എക്കണോമിക്‌സും, 2014 ബികോം ആരംഭിച്ചതോടെ കോളേജിന് കൂടുതല്‍ പഠനാന്തരീക്ഷം സൃഷ്ടിക്കാനായി.
വളരെ ചുരുങ്ങിയ കാലം കൊണ്ട് അത്ഭുതകരമായ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ കലാലയത്തിന് കഴിഞ്ഞു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ മികച്ച പഠന നിലവാരം പുലര്‍ത്താനും പരീക്ഷകളില്‍ ഉന്നത വിജയം നേടാനും ഈ കോളേജിന് കഴിഞ്ഞിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ നാക് അക്രഡിറ്റേഷന്‍ ലഭിച്ച ആദ്യ കോളേജും മലയോരത്തെ ഈ കോളേജ് തന്നെയാണ്. രണ്ടാം നാക് അക്രഡിറ്റേഷനില്‍ a ഗ്രേഡ് നേടാനും കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ കോളേജുകളെ വിലയിരുത്തി നടത്തിയ ദേശീയ റാങ്കിംഗില്‍ ആദ്യം 150 കോളേജുകളുടെ പട്ടികയില്‍ ഇടം നേടിയ ജില്ലയിലെ ഏക കോളേജും ഇതായിരുന്നു.
മലയോര ജനതയുടെ കായിക കരുതും ഇവിടെ പ്രകടമാണ്. സ്‌പോര്‍ട്‌സില്‍ നിരവധി നേട്ടങ്ങള്‍ സെന്റ് പയസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാറുണ്ട്. ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഈ കോളേജിനാണ്. ബാസ്‌കറ്റ്‌ബോളില്‍ മികച്ചൊരു ടീംമും ഇവിടെയുണ്ട്. മലയോരത്തെ കുട്ടികളില്‍ നിന്ന് മികച്ച കായികപ്രതിഭകളെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞവര്‍ഷം സെന്റ് പയസ് സ്‌പോര്‍ട്‌സ് അക്കാദമി ഇവിടെ സ്ഥാപിതമായി. ഈ വലിയ സ്വപ്നത്തിന്റെ മുന്നോടിയായി ഇവിടെ ഇന്‍ഡോര്‍ സ്റ്റേഡിയം പണികഴിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു കോളേജിനും അവകാശപ്പെടാനാകാത്ത നേട്ടമാണിത്. കലാരംഗത്തും സെന്റ് പയസിന്റെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. കന്നട നാടകം, മാര്‍ഗംകളി പരിചമുട്ട്, തുടങ്ങിയ നിരവധി ഇനങ്ങളില്‍ മിന്നുന്ന പ്രകടനമാണ് കഴിഞ്ഞവര്‍ഷം ഇവിടുത്തെ കുട്ടികള്‍ നടത്തിയത്. ഇവിടെ പഠനം പൂര്‍ത്തിയാക്കിയ അനേകം പ്രതിഭകള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മികവു തെളിയിക്കുന്നു എന്നത് അഭിമാനകരമാണ്. അന്റാര്‍ട്ടിക്ക പര്യവേഷണത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ ഫെലിക്‌സ് ബാസ്സ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠനം നടത്തിയ ബിനീഷ് ബാലന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം പ്രാപ്തമാക്കുക എന്ന ദീര്‍ഘവീക്ഷണത്തോടെ ഒരുകൂട്ടം ക്രാന്തദര്‍ശികള്‍ രൂപം കൊടുത്ത ഈ കലാലയം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം നിര്‍വഹിക്കുന്നു എന്നതിന്റെ തെളിവാണത് കാസര്‍ഗോഡിന്റെ ഈ മലയോര ഉള്‍ഗ്രാമത്തെ ഇന്ന് കേരളം അറിയുന്നത് ഈ വിജ്ഞാന സ്രോതസ്സിന്റെ പേരിലാണെന്നത് ഏറെ ആനന്ദകരമാണ്.
രാജപുരം കോളേജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നാം തീയതി തുടക്കമാവുകയാണ്. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശരിയുടെ അധ്യക്ഷതയില്‍ മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും അവസരത്തില്‍ കാസര്‍ഗോഡിലെ പാര്‍ലമെന്റ് അംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ കോളേജ് പ്രോ മാനേജര്‍ ഫാ ജോസഫ് നെടുമങ്ങാട്, പ്രിന്‍സിപ്പാള്‍ ഡോ സിസ്റ്റര്‍ മേരിക്കുട്ടി അലക്സ്, കോളേജ് ലോക്കല്‍ മാനേജര്‍ ഫാ ജോര്‍ജ് പുതുപ്പറമ്പില്‍, ഷിനോ പി ജോസ്, ജിന്‍സി മോള്‍ ജോസഫ് എന്നിവര്‍ പറഞ്ഞു.