പുതിയ ഭൂമിയും ആകാശവും തേടി കുടിയേറ്റമാതാവ് യാത്രയായി

  • രാജപുരം:കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനവേദിയില്‍ കുടിയേറ്റത്തിന്റെ കഷ്ടതകളും ദുരിതങ്ങളും പുതിയ തലമുറക്ക് പറഞ്ഞുകൊടുക്കാന്‍ ഇനി കുടിയേറ്റ മാതാവില്ല. മധ്യ തിരുവതാം കൂറില്‍ നിന്നും മലബാറിന്റെ മണ്ണിലേക്ക് നടത്തിയ സംഘടിത ക്‌നാനായ കുടിയേറ്റ ചരിത്രത്തിലെ അവസാന കണ്ണി ഏലികുട്ടിയമ്മച്ചി പുതിയ ആകാശവും പുതിയ ലോകവും തേടി യാത്രയായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതിയില്‍ പട്ടിണിയും ദുരിതവും കൂടപ്പിറപ്പായതോടെയാണ് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ 72 ക്‌നാനായ കുടുംബങ്ങള്‍ പുതിയ ഭൂമിയും ആകാശവും തേടി മലബാറിലേക്ക് യാത്ര പുറപ്പെട്ടത്. 1943ലായിരുന്നു പിന്നീട് ചരിത്രത്തിന്റെ ഭാഗമായ ആദ്യത്തെ സംഘടിത മലബാര്‍ കുടിയേറ്റം. ഫെബ്രവരിയിലെ ഒരു സുപ്രഭാതത്തില്‍ കാഞ്ഞങ്ങാട് തീവണ്ടിയിറങ്ങിയ സംഘം കിഴക്കോട്ട് യാത്ര തിരിച്ചു. രാജപുരത്ത് അവസാനിച്ച ആ യാത്രയിലെ ഒരംഗമായിരുന്നു ഏലിക്കുട്ടിയുടെ ഭര്‍ത്താവ് പോത്തന്‍. കോട്ടയം കൂടല്ലൂരിലെ വീട്ടില്‍ കഴിയുന്ന ഭാര്യ ഏലിക്കുട്ടിക്കും മക്കള്‍ക്കും നല്ല ജീവിതം സമ്മാനിക്കാനും ഒരിത്തിരി മണ്ണ് സ്വന്തമാക്കാനുമായി പോത്തന്‍ യാത്രയായപ്പോള്‍ ഏലിക്കുട്ടി മനം നിറഞ്ഞ പ്രാര്‍ഥനയിലായിരുന്നു. ഭര്‍ത്താവിനെയും കുടിയേറ്റ അംഗങ്ങളുടെയും ജീവന്‍ കാക്കാന്‍. തുടര്‍ന്ന് ഒരു മാസത്തിനകം ഏലിക്കുട്ടിയും കുടിയേറ്റ കുടുംബങ്ങള്‍ക്കൊപ്പം രാജപുരത്തിന്റെ മണ്ണിലെത്തി. കുടിയേറിയെത്തിയ 72 കുടംബങ്ങള്‍ക്കും നിലേശ്വരം തമ്പുരാനില്‍ നിന്നും കോട്ടയം രൂപതയുടെ നേതൃത്വത്തില്‍ വില കൊടുത്ത് വാങ്ങിയ സ്ഥലം വീതിച്ച് നല്‍കി. ഇതില്‍ ഏലിക്കുട്ടിക്കും കുടുംബത്തിനും ലഭിച്ചത് ചുളളിക്കരയായിരുന്നു സ്ഥലം ലഭിച്ചത്. ആള്‍ താമസം തീരെ കുറഞ്ഞ ഇവിടെ കുടില്‍ കെട്ടി താമസം തുടങ്ങി. നാട്ടില്‍ നിന്നു വരുമ്പോള്‍ കരുതിയ ഭഷ്യ സാധനങ്ങളായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. അടുപ്പിലെ തീ അണയാതെ സൂക്ഷിച്ചും വെള്ളത്തിന് മഴയെ ആശ്രയിച്ചുമുള്ള ജീവിതം. വേനല്‍ കാലമായാല്‍ കുടിവെള്ളത്തിന് അടുത്തുള്ള ജന്മി കനിയണം. കുടിയേറിയെത്തിയവരെ ആംഗീകരിക്കാന്‍ മടിച്ചും ജന്‍മി ഭീഷണിയും കാരണം പ്രദേശവാസികള്‍ പണിക്കു പോലും വരാത്ത കാലം. ഇത് തിരിച്ചറിഞ്ഞ് രാജപുരം കുടിയേറ്റ കോളനിയിലെത്തിയ ഏലിയും ഭര്‍ത്താവിനൊപ്പം നന്നായി അധ്വാനിച്ചു. ഇതാണ് ജീവിത വഴിയില്‍ ഭര്‍ത്താവിനെ ദൈവം വിളിച്ചിട്ടും തളരാതെ പൊരുതാനും ജീവിത വിജയം നേടി മക്കളെ നല്ല നിലയിലെത്തിക്കാനും കരുത്തായത്. ഒടുവില്‍ ദുരിതങ്ങളകന്ന് മക്കളും പേരമക്കളുമായി കഴിയാന്‍ ജീവിത സൗഭാഗ്യം ലഭിച്ച ശേഷമാണ് ഏലികുട്ടി ചൊവ്വാഴ്ച രാത്രി പത്തരയോടെ ജീവിതത്തില്‍ നിന്നും യാത്രയായത്.

Leave a Reply