കോവിഡ്- 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി ജനശ്രീ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു.

പനത്തടി: കൊറോണ വൈറസ് ഭീതിയില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍പ്രഖ്യാപിക്കുകയും, കാസര്‍ഗോഡ് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയും ദിനംപ്രതി കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തം ആരോഗ്യം പോലും അവഗണിച്ച് കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, വൈദ്യുതി വകുപ്പ് ജീവനക്കാര്‍, പഞ്ചായത്ത് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, ജെ പി എച്ച് എന്‍ – ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി 500 ഓളം മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി ജനശ്രീ പനത്തടി മണ്ഡലം സഭയാണ് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചത്. രാജപുരം പോലീസ് സ്റ്റേഷനിലേക്കുള്ള മാസ്‌ക്കുകള്‍ ബളാംതോട് വെച്ച് നടന്ന ചടങ്ങില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.കൃഷ്ണന്‍ ജനശ്രീ പനത്തടി മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസില്‍ നിന്നും ഏറ്റുവാങ്ങി.ബളാംതോട് കെഎസ്ഇബി ഓഫീസില്‍ നടന്ന ചടങ്ങില്‍ സബ് എഞ്ചിനീയര്‍ ഗിരീഷ്, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.പാണത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനുരൂപ് മാസ്‌ക്കുകള്‍ ഏറ്റുവാങ്ങി.പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ഇരിക്കുംകല്ല് ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ജെപി എച്ച് എന്‍ സുമ മാസ്‌ക്കുകള്‍ ഏറ്റുവാങ്ങി.പനത്തടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.എം.സി മാധവന്‍ 12-ാം വാര്‍ഡിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മാസ്‌കുകള്‍ ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുന്നതിലും ജനശ്രീ പനത്തടി മണ്ഡലം സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും മികച്ച മണ്ഡലം സഭയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം നേടിയ ജനശ്രീ പനത്തടി മണ്ഡലം സഭ നിര്‍ദ്ധന രോഗികള്‍ക്കുള്ള ചികിത്സ സഹായ രംഗത്തും, ജീവകാരുണ്യ രംഗത്തും സജീവമാണ്. ജനശ്രീ മണ്ഡലം സെക്രട്ടറി വിനോദ് കുമാര്‍, എം.ജയകുമാര്‍, എന്‍.ചന്ദ്രശേഖരന്‍ നായര്‍, പി.മുഹമ്മദ് കുഞ്ഞി, അജി ജോസഫ് പൂന്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply