വിമാനയാത്രികയ്ക്ക് ദേഹാസ്വാസ്ഥ്യം; ജീവന്‍ രക്ഷിച്ച് മലയാളി നഴ്സ്

രാജപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ടൊറാന്റോയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിക്ക് അസ്വസ്ഥത. രക്ഷകയായെത്തിയത് മലയാളി നഴ്സ്. പഞ്ചാബ് സ്വദേശിനിയായ വയോധികയ്ക്കാണ് വിമാന യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരില്‍ ഡോക്ടര്‍മാരോ നഴ്സ്മാരോ ഉണ്ടോയെന്ന് അന്വേഷിക്കുന്നതിനിടെ കോവിഡ് രോഗ ഭീതി പോലും മറന്ന് ക്യാനഡയില്‍ നഴ്സും മലയാളിയുമായ ഷിന്റു ജോസ് വയോധികയ്ക്ക് സഹായവുമായെത്തുകായിരുന്നു. ഷിന്റുവിന്റെ ഭര്‍ത്താവ് ഷിന്റോ സ്റ്റീഫനും സഹായിക്കാനെത്തി. നഴ്സെന്ന നിലയില്‍ ഷിന്റു നടത്തിയ പരിചരണത്തിനൊടുവില്‍ വയോധിക വേഗത്തില്‍ ആരോഗ്യം വീണ്ടെടുത്തു. ഇതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കാനുള്ള തീരുമാനം ഒഴിവാക്കി പൈലറ്റ് യാത്ര തുടരുകയായിരുന്നു. തൊടുപുഴ ചുങ്കം സ്വദേശിനിയാണ് ഷിന്റു. ഭര്‍ത്താവ് ഷിന്റോ ചുള്ളിക്കര സ്വദേശിയും. നാട്ടിലുള്ള മക്കളെ ക്യാനഡിയിലേക്ക് കൊണ്ടു പോകാന്‍ വേണ്ടിയാണ് ഇരുവരും നാട്ടിലേക്ക് വന്നത്.

Leave a Reply