രാജപുരം:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാതൃകാപരമായ ആഘോഷങ്ങളുമായി ചെറു പനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ. മുൻവർഷങ്ങളിൽ പനത്തടി പാലിയേറ്റീവ് കെയർ യൂണിറ്റുമായി സഹകരിച്ച് കിടപ്പുരോഗികളെ സ്കൂളിൽ എത്തിച്ച് അവരോടൊപ്പം ആയിരുന്നു കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു കൊണ്ടിരുന്നത് .പക്ഷേ നിലവിലുള്ള സാഹചര്യത്തിൽ അത് നടത്താൻ സാധിക്കാതെ വന്നതിനാൽ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ പണം സമാഹരിച്ച് ക്രിസ്മസ് കിറ്റുകൾ തയ്യാറാക്കി രോഗികൾക്ക് നൽകുകയായിരുന്നു. ബഡ് ഷീറ്റ് , തോർത്ത്, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ അടങ്ങുന്ന ക്രിസ്മസ് കിറ്റുകൾ ആണ് വിതരണം ചെയ്തത്.പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ കിറ്റുകൾ ഏറ്റുവാങ്ങാൻ സന്നിഹിതരായവർക്ക് സ്വാഗതം പറഞ്ഞു. പനത്തടി പാലിയേറ്റീവ് കെയർ യൂണിറ്റിലെ അംഗങ്ങളായ സിസ്റ്റർ അനിത, വളണ്ടിയർ ബാബു, സുബി എന്നിവർ ആണ് കുട്ടികൾക്കുവേണ്ടി കിറ്റുകൾ ഏറ്റുവാങ്ങി രോഗികളുടെ വീടുകളിൽ എത്തിച്ച് നൽകിയത് .സ്കൂൾ അഡ്മിനിസ്ട്രേറ്റർ അനൂപ് വലിയപറമ്പിൽ കുട്ടികൾക്കും സംഭാവന നൽകിയ രക്ഷകർത്താക്കൾ, പനത്തടി പാലിയേറ്റീവ് കെയർ യൂണിറ്റ് അംഗങ്ങൾ എന്നിവർക്ക് നന്ദി അറിയിച്ചു