രാജപുരം: കശുമാവ് പൂവിട്ടു തുടങ്ങി. നല്ല തണുപ്പും മെച്ചപ്പെട്ട കാലാവസ്ഥയും ഗുണകരമാകുമ്പോള്‍ അടുത്ത മാസമാകുമ്പോഴേക്കും കശുവണ്ടി ഉത്പാദന കാലത്തിന് തുടക്കമാകും. കാലാവസ്ഥ അനുകൂലമായതോടെ ഈ വര്‍ഷം മികച്ച വിളവ് ലഭിക്കുമെന്നാണ് കര്‍ഷകരുടെ കണക്ക് കൂട്ടല്‍. കഴിഞ്ഞ സീസണിലേതു പോലെ ഈ വര്‍ഷവും നല്ല വില കിട്ടുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ പങ്കുവയ്ക്കുന്നു. ഇടക്കാലത്ത് കര്‍ഷകര്‍ കൈവിട്ട കശുമാവ് കൃഷി വീണ്ടും ജില്ലയിലെ മലയോരത്തടക്കം തിരിച്ചു വരികയാണ്. റബറിന്റെ കടന്നു വരവാണ് കശുമാവിന്‍ തോട്ടങ്ങളുടെ കടക്കല്‍ കത്തിവച്ചത്. എന്നാല്‍ അടുത്ത കാലം മുതല്‍ റബറിന്റെ വിലയിടിയാന്‍ തുടങ്ങിയതോടെ ഒരു ചെറു വിഭാഗം കര്‍ഷകരെങ്കിലും മുന്‍പ് റബറിനായി വെട്ടി നശിപ്പിച്ച കശുമാവിന്‍ തോട്ടങ്ങള്‍ വീണ്ടും വച്ചു പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. മലയോരത്ത് കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ പനത്തടി സര്‍വീസ് സഹകരണ ബാങ്ക് എത്തിച്ച ആയിരക്കണക്കിന് കശുമാവിന്‍ തൈകള്‍ വേഗത്തില്‍ വിറ്റു പോയത് തന്നെയാണ് ഇതിന് ഉദാഹരണം. കൂടാതെ കൃഷി ഭവനുകള്‍ മുഖേനയും സ്വകാര്യ നഴ്സറികളില്‍ നിന്നും തൈകളെത്തിച്ചും കര്‍ഷകര്‍ വിണ്ടും കശുമാവ് കൃഷിയിലേക്ക് തിരിയികയാണ്.