- കാലിച്ചാനടുക്കം: മൂക്കില്‍ ദശ വളരുന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയെ കാക്കാന്‍ കാരുണ്യയാത്ര നടത്തി സ്വകാര്യ ബസ്. തായന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ജിനേഷിന്റെ ചികിത്സാ സഹായത്തിനായാണ് തായന്നൂര്‍-അടുക്കം-നീലേശ്വരം-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.ബി.ടി. ബസ് കാരുണ്യയാത്ര നടത്തിയത്. പ്രാദേശിക ഫുട്ബോള്‍ താരം കൂടിയായ ജിനേഷിനു വേണ്ടി പ്രദേശത്തെ പ്രധാന ക്ലബ്ബുകളില്‍ ഒന്നായ ജോളി തായന്നൂരിന്റെ സഹകരണത്തോടെയായിരുന്നു കാരുണ്യയാത്ര ഒരുക്കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആനന്ദവല്ലി കാരുണ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗങ്ങളായ സജിതാ ശ്രീകുമാര്‍, മുസ്തഫ തായന്നൂര്‍, ലതാ ചെര്‍ളം, ബിന്ദുലേഖ, എ.അനില്‍ കുമാര്‍, ക്ലബ്ബ് സെക്രട്ടറി സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. മൂക്കില്‍ ദശ വളരുന്ന രോഗത്തിന് ജിനേഷിന് ഒരു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് വിണ്ടും മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ ദിവസം കൊച്ചി അമൃതാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവില്‍ ചികിത്സാ ഇനത്തില്‍ ചെലവായ എട്ടുലക്ഷത്തോളം രൂപ ആസ്പത്രിയില്‍ അടക്കാനുണ്ട്. ഇത് നല്‍കാനുള്ള സാമ്പത്തിക ശേഷി കുടംബത്തിനില്ലെന്നറിഞ്ഞാണ് നാട്ടുകാരും ക്ലബ്ബ് പ്രവര്‍ത്തകരും ബസ്സുടമയും തൊഴിലാളികളും കാരുണ്യയാത്രക്കായി കൈകോര്‍ത്തത്.