രാജപുരം: വിശ്വാസ നിറവില്‍ അനുഗ്രഹം ചൊരിഞ്ഞ് പതിനായിരങ്ങള്‍ക്ക് വചന വിരുന്നൊരുക്കിയ 11-മത് രാജപുരം കണ്വെന്ഷന് ഇന്ന് സമാപിക്കും. മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ദിവസേന പതിനായിരക്കണക്കിന് വിശ്വാസികളാണ് വചനം ശ്രവിച്ച് സായൂജ്യമണയാനായി എത്തിയത്. അസമത്വവും അനീതിയും നടമാടുന്ന ഈ കാലത്ത് മനുഷ്യ മനസ്സില്‍ നന്മയുടെ തീനാളങ്ങള്‍ ജ്വലിപ്പിച്ച് തന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ യേശു വചനങ്ങള്‍ നമുക്ക് പ്രയോജനകരമാകുന്നു. രാജപുരം പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ബൈബിള്‍ കണ്വെന്ഷന് അബോധപൂര്‍വ്വമായ ജനപങ്കാളിത്തമാണ് കാണാനായത്. ശനിയാഴ്ച നടന്ന ദിവ്യ ബലിക്ക് ഇടുക്കി അണക്കര മരിയന്‍ ധ്യാന കേന്ദ്രം ഡയറക്ടറും, കണ്വെന്ഷന് നായകനുമായ റവ.ഫാ. ഡോമനിക് വാളന്മനാല് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പൂക്കയം സെന്റ് സ്റ്റീഫന്‍സ് പളളി വികാരി ഫാ. ജോഷി വല്ലര്ക്കാട്ടില്, മാനടുക്കം സെന്റ് സെബാസ്റ്റിയന്‍സ് പളളി വികാരി ഫാ. മാത്യൂ ഇടമുള എന്നീവര്‍ സഹകാര്മ്മിക്കരായി.സമാപന ദിനമായ ഞായറാഴ്ച ദിവ്യബലിക്ക് കോട്ടയം അതിരൂപതാ മേത്രാപോലീത്തയും കെസിബിസി സെക്രട്ടറി ജനറലുമായ മാര്‍ മാത്യൂ മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. പടുപ്പ് സെന്റ് ജോര്‍ജ്ജ് പള്ളി വികാരി ഫാ. തോമസ് ആമക്കാട,് കാഞ്ഞങ്ങാട് തിരുഹൃദയ പള്ളി വികാരി ഫാ. ഷഞ്ജു കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.