വൈദ്യുതി പോയാൽ പ്രവർത്തിക്കാത്ത ബിഎസ്എൻഎൽ ടവറിന്
പ്രതീകാത്മക റീത്ത് സമർപ്പിച്ച് ഡിവൈ എഫ് ഐ.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഓഫിസ് ഉപരോധിക്കും.
ഇടത്തോട് : ക്ലീനിപ്പാറയിലുള്ള ബി എസ് എൻ എൽ മൊബൈൽ ടവർ വൈദ്യുതി നിലച്ചാൽ പിന്നെ റേഞ്ച് ഇല്ലാത്ത അവസ്ഥയിലാണ്. ടവറിലെ ബാറ്ററി നശിച്ചിട്ട് കാലങ്ങളായെങ്കിലും ഇത് മാറ്റി സ്ഥാപിക്കാൻ അധികാരികൾ തയ്യാറാവുന്നില്ല. ജനറേറ്ററിൽ ഡീസൽ നിറക്കാത്തതിനാൽ ഇതും പ്രവർത്തനക്ഷമമല്ല. നിരവധി തവണ പരാതി നൽകിയെങ്കിലും നാളിത് വരെയായി ഒരു നടപടിയും എടുത്തിട്ടില്ല. മറ്റ് സ്വകാര്യ മൊബൈൽ സേവനദാതാക്കളെ സംരക്ഷിക്കാനാണ് ഇത്തരത്തിലുള്ള നടപടി ബി എസ് എൻ എൽ അധികാരികൾ കൈകൊള്ളുന്നത് എന്ന വ്യാപകപ്രതിഷേധം ഉയർന്നു വരുന്നുണ്ട്.
ഈ മഹാമാരി കാലത്ത് കുട്ടികളുടെ പഠനം തടസ്സപെടുത്തുന്ന നടപടിയാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇടത്തോട്, അട്ടക്കണ്ടം, കോളിയാർ, ഒടച്ചിലടുക്കം, മാണിയൂർ, തൊട്ടി, നമ്പ്യാർകൊച്ചി, വള്ളിച്ചിറ്റ, ക്ലീനിപ്പാറ, ചീരോൽ, സർക്കാരി, പനയാർകുന്ന് പ്രദേശത്തുള്ള 3500ഓളം BSNLകണക്ഷനുകൾ മൊബൈലുകൾ ഈ ടവറിന്റെ പരിധിയിലാണ് വരുന്നത്. ഇവരൊക്കെ ഗത്യന്തമില്ലാതെ മറ്റ് സിമ്മുകളിലെക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്.
മൊബൈൽ ടവറിൽ ബാറ്ററി പുനഃസ്ഥാപിക്കുക, ജനറേറ്റർ പ്രവർത്തനക്ഷമമാക്കി 24 മണിക്കൂറും മൊബൈൽ റേഞ്ച് ഉറപ്പ് വരുത്തുക
എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ ടവർ പരിസരത്ത് പ്രതീകാത്മക റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്, ബ്ലോക്ക് കമ്മിറ്റി അംഗവും, ഗ്രാമപഞ്ചായത്ത് മെമ്പറുമായ എം.വി.ജഗന്നാഥ് , മുൻ ബ്ലോക്ക് സെക്രട്ടറി മധു കോളിയാർ, മുൻ ബ്ലോക്ക് കമ്മിറ്റി അംഗം ടി.വി.ജയചന്ദ്രൻ, ദാമോദരൻ കൊടക്കൽ എന്നിവർ ചേർന്നു ടവറിൽ റീത്ത് സമർപ്പിച്ചു. മേഖല കമ്മിറ്റി അംഗം വി.അഭിനവ് സ്വാഗതം പറഞ്ഞു, വി.ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പി.വി.രാഹുൽ , എം.വി.കൃഷ്ണദാസ്, എം.സൂരജ്, വി. വിഷ്ണു, കെ.പി.യദുകൃഷ്ണൻ , നന്ദലാൽ, വി.ശശീന്ദ്രൻ, രാജീവൻ തുടങ്ങിയവർ സംസാരിച്ചു. അടിയന്തിരമായും പ്രശ്നത്തിനും പരിഹാരം കാണാത്ത പക്ഷം ബി എസ് എൻ എൽ ഓഫീസ് ഉപരോധം അടക്കമുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കുമെന്ന് ഡി വൈ എഫ് ഐ മുന്നറിയിപ്പ് നൽകി.