കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

  • രാജപുരം: കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വണ്ണാത്തിക്കാനത്ത് നിന്നും ആരംഭിച്ച് മാര്‍ച്ചിലും, തുടര്‍ന്ന് നടന്ന ധര്‍ണ്ണയിലും നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍ ധര്‍ണ്ണസമരം ഉദ്ഘാടനം ചെയ്തു. എ കെ രാജേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഒക്ലാവ് കൃഷ്ണന്‍ ഏരിയ കമ്മിറ്റിയംഗങ്ങളായ പി കെ രാമചന്ദ്രന്‍, ഷാലുമാത്യു, കള്ളാര്‍ ലോക്കല്‍ സെക്രട്ടറി എ ജെ തോമസ്, പഞ്ചായത്ത് അംഗം ജിനേഷ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി ജോഷി ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വെള്ളം എത്തിക്കുന്നതിനായി പി കരുണാകരന്‍ എം പി മുന്‍ കൈ എടുത്ത് എന്‍ഡോസള്‍ഫാന്‍ പേക്കേജില്‍ ഉള്‍പ്പെടുത്തി ആറ് കോടിയിലധികം രൂപ ഉപയോഗിച്ച് പഞ്ചായത്തിലെ പെരുമ്പള്ളിയില്‍ 2014ല്‍ നിര്‍മ്മാണം ആരംഭിച്ച കുടിവെള്ള പദ്ധതി നാല് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം പഞ്ചായത്തിലെ മാനസിക വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പഠിക്കുന്നതിനായി എല്‍ ഡി എഫ് സര്‍ക്കാര്‍ അനുവദിച്ച ബഡ്‌സ് സ്‌കൂളിന് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയിട്ടും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല, പഞ്ചായത്തിലെ 14 വാര്‍ഡുകളിലൂടെയും കടന്ന് പോകുന്ന ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് വര്‍ഷങ്ങളായി വാഹനങ്ങള്‍ പോകാന്‍ പോലും പറ്റാത്ത നിലിയിലായിട്ടും പഞ്ചായത്ത് അധികൃതരുടെ അവഗണന തുടരുകയാണ്. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി അട്ടിമറിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കൊണ്ടാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

Leave a Reply