പനത്തടി സര്‍വീസ് സഹകരണ ബാങ്കിന് മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ്.

പൂടംകല്ല്: സഹകരണ വകുപ്പ് അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയ അവാര്‍ഡുകളില്‍ പനത്തടി സര്‍വീസ് സഹകരണ ബാങ്കിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ബാങ്കിങ് പ്രവര്‍ത്തനവും ബാങ്കിങ് ഇതര പ്രവര്‍ത്തനവുമാണ് അവാര്‍ഡിന് പരിഗണിച്ചത്.
ജില്ലയിലെ ഏറ്റവും കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കുന്ന സഹകരണ സ്ഥാപനമാണ് പൂടംകല്ല് സര്‍വീസ് സഹകരണ ബാങ്ക്. ആകെ വായ്പാ ബാക്കി നില്‍പിന്റെ 40 ശതമാനത്തോളം കാര്‍ഷിക വായ്പയാണ്. ബാങ്കിന് 113 കോടി നിക്ഷേപവും, വായ്പാ ബാക്കി നില്‍പ് 153 കോടിയും ബാങ്കിന്റെ പ്രവര്‍ത്തന മൂലധനം 153 കോടിയുമാണ്. 23,682 എ ക്ലാസ് മെമ്പര്‍മാരും ഹെഡ് ഓഫിസിന് പുറമെ10 ശാഖകളും നിലവിലുണ്ട്.
ബാങ്കിങ് ഇതര പ്രവര്‍ത്തനവും നടത്തിവരുന്നുണ്ട്. പൂടംകല്ല്, പാണത്തൂര്‍ എന്നിവടങ്ങളില്‍ നീതി മെഡിക്കല്‍ ഷോപ്പ്, നീതി മെഡിക്കല്‍ ലാബ്, ഹോം അപ്ലയന്‍സസ് ഷോറൂം, കര്‍ഷക സേവന കേന്ദ്രം, പോളി ഹൗസ്, കാര്‍ഷിക നഴ്‌സറി, കാര്‍ഷികോപകരണ വില്‍പന കേന്ദ്രം, നീതി ഇലക്ട്രിക്കല്‍ ഷോപ് , വളം ഡിപ്പോ, പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, കണ്‍സ്യൂമര്‍ സ്റ്റോര്‍ , ആംബുലന്‍സ് സര്‍വീസ്, മണ്ണ്, ജല പരിശോധന കേന്ദ്രം, കാംപ് കോയുമായി സഹകരിച്ച് അടയ്ക്ക സംഭരണ കേന്ദ്രം എന്നിവ നടത്തിവരുന്നു.
കോവിഡ് കാലത്ത് നിരവധി സേവന പ്രവര്‍ത്തനങ്ങളും, സുഭിക്ഷ കേരളം പദ്ധതിയില്‍ നെല്‍കൃഷി ഉള്‍പെടെ 20 ഏക്കറയോളം കൃഷിയും നടത്തി വരുന്നു.
2015 വര്‍ഷത്തില്‍ നബാര്‍ഡിന്റെ കര്‍ഷക മിത്ര അവാര്‍ഡ്, 2016 ല്‍ കൃഷി വകുപിന്റെ പച്ചക്കറി കൃഷിക്ക് ജില്ലയില്‍ രണ്ടാം സ്ഥാനം, 2017 ല്‍ ദീപിക ദിനപത്രത്തിന്റെ ജൈവ നന്മ പുരസ്‌കാരം, 2019 ല്‍ സഹകരണ വകുപ്പിന്റെ ബെസ്റ്റ് പേര്‍ഫോമന്‍സ് അവാര്‍ഡ്, 2021 ല്‍ കോവിഡ് – 19 അതിജീവന കേരള ബാന്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
ബാങ്ക് പ്രസിഡന്റ് അഡ്വ.ഷാലു മാത്യു, കഴിഞ്ഞ ദിവസം വിരമിച്ച സെക്രട്ടറി പി.രഘുനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ഭരണ സമിതിയുടെയും ജീവനക്കാരുടെയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ബാങ്കിന്റെ നേട്ടങ്ങള്‍ക്ക് കാരണം. പുതിയ സെക്രട്ടറിയായി ഡി.ദീപു ദാസ് കഴിഞ്ഞ ദിവസം ചുമതലയേറ്റിട്ടുണ്ട്.

Leave a Reply