രാജപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കള്ളാര്‍ പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കര്‍ശനമായി പാലിക്കാന്‍ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് തുറക്കാന്‍ പറ്റുന്ന അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ തുറക്കാന്‍ പാടുള്ളു. ഈ വരുന്ന ഞായറാഴ്ച്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ പൂര്‍ണമായും അടച്ച് ഇടണം. ടാക്സി വാഹനങ്ങള്‍ക്കും ഈ തീരുമാനം ബാധകമായിരിക്കും. സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ അനാവശ്യമായി ടൗണുകളിലും, ബസ്റ്റാറ്റുകളിലും, ഇരിക്കുന്നത് കര്‍ശനമായി തടയും. കോവിഡ് ബാധിച്ച വീടുകളിലെ മറ്റംഗങ്ങള്‍ പുറത്തിറങ്ങിയാല്‍ പൊലീസ് നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രിയഷാജി, രാജപുരം സിഐ വി.ഉണ്ണികൃഷ്ണന്‍, സെക്ടര്‍ മജിസ്ട്രേറ്റ് മനോജ് ആനീമൂട്ടില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ശ്രീകുമാര്‍, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രശാന്ത് വി ജോസഫ്, സ്ഥിരം സമിതി ചെയര്‍മാന്‍ കെ ഗോപി, കെ വി രാഘവന്‍, ബി അബ്ദുള്ള, എ കെ രാജേന്ദ്രന്‍, കെ ജെ ജോസ്, സണ്ണി മാത എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബി ബാലകൃഷ്ണന്‍ സ്വാഗതവും, സന്തോഷ് ചാക്കോ നന്ദിയും പറഞ്ഞു.