പാണത്തൂര്‍: മലയോര മേഖലയില്‍ നെറ്റില്ല , കറണ്ടില്ല എന്നൊക്കെ പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം ഇനി തടസപ്പെടില്ല. പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ പട്ടുവം കോളനിയിലാണ് ഹോസ്ദുര്‍ഗ്ഗ് ബിആര്‍ സിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പഠനകേന്ദ്രത്തില്‍ എത്തിയാല്‍ മതി. നിലവില്‍ എസ് സി, എസ്ടി വിഭാഗത്തില്‍പ്പെട്ട 28 വിദ്യാര്‍ത്ഥികള്‍ കോവിഡ് മാനദണ്ഡം പാലിച്ച് ആറ് ഗ്രൂപ്പുകളായി പഠനം നടത്തുന്നു. ടി.വി, ലാപ്‌ടോപ്പ് തുടങ്ങിയ പഠന സംവിധാനങ്ങള്‍ ഇവിടെയുണ്ട്. രണ്ട് അധ്യാപകരും ഒരു വോളണ്ടിയുടെയും സേവനം ഇവിടെ ലഭ്യമാണ്. സാങ്കേതിക വിദ്യയുടെ അഭാവം അനുഭവിക്കുന്ന വീടുകളിലെ കുട്ടികള്‍ക്ക് ഈ കേന്ദ്രം ഏറെ ഗുണം ചെയ്യുന്നു. ബ്ലോക്ക് പ്രൊജക്ട് ഓഫീസര്‍ വിജയലക്ഷമി, സി.ആര്‍.സി കോ-ഓഡിനേറ്റര്‍ കെ.സുപര്‍ണ, സ്‌പെഷ്യലിസ്റ്റ് അധ്യാപകരായ സജേഷ്, പ്രമോദ്, വോളണ്ടിയര്‍ സി.ദീപ എന്നിവര്‍ നേതൃത്വം നല്‍കുന്നു.