രാജപുരം: കാര്‍ഷിക സംസ്‌കാരം വിളിച്ചോതി തായന്നൂരില്‍ ഒരിടവേളക്ക് ശേഷം എരുതുകളി സംഘം നാടുണര്‍ത്തി. ആദിവാസികളുടെ ആചാര – അനുഷ്ഠാനങ്ങളുടെ ഭാഗമാണ് എരുത് കളി . കാര്‍ഷിക സംസ്‌കാരം ഉപജീവനമാക്കിയിരുന്ന ഗോത്രത്തിന്റെ അവശേഷിക്കുന്ന അടയാളമാണിത്. പുതിയ തലമുറക്ക് ഒരു പക്ഷേ അറിവില്ലാത്ത അനുഷ്ഠാന മാണ് എരുതുകളി . കേരളത്തില്‍ തന്നെ പത്താമുദയത്തിന് എരുതുകളി നടത്തുന്ന ഏക ഊരാണ് വേങ്ങച്ചേരി. എരിതുകളിക്ക് നേതൃത്വം നല്‍കിയിരുന്ന വേങ്ങച്ചേരി ഊരിലെ രാമന്‍ മരണപ്പെട്ടതും, കൊറോണ വ്യാപനവുമൊക്കെയായപ്പോള്‍ എരിതുകളിയില്ലാത്ത 4 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. കന്നി കൊയ്ത്തു കഴിഞ്ഞ് ഊരുകളില്‍ പഞ്ഞം മാറുന്നതും, തെയ്യക്കാലം തുടങ്ങുന്നതും ഓര്‍മ്മപ്പെടുത്തുന്ന എരിതുകളിയുടെ വേങ്ങച്ചേരിയിലെ സംഘത്തില്‍ ഇപ്പോള്‍ കൂടുതല്‍ യുവാക്കളാണ്.
എരുതുകളിയുടെ പുരാവൃത്തമിങ്ങനെ:
പൊനം കൃഷി ചെയ്തു വന്ന ഗോത്രപൂര്‍വ്വികര്‍ കാലക്രമത്തില്‍ ജന്മികളുടെ വയലുകളിലും പണി ചെയ്ത് പോന്നു. അങ്ങനെയിരിക്കെ വയല്‍ ഉഴുതുമറിക്കുന്നതിനായി കാളകളെ ആവശ്യമായി വന്നു. ചന്തയില്‍ നിന്നും കാളകളെ വാങ്ങാന്‍ പ്രാഗത്ഭ്യമുള്ളവര്‍ തന്നെ വേണം .അങ്ങനെ രണ്ടു പേരെ ദൂര ദേശത്തേക്ക് കാളകളെ വാങ്ങുവാന്‍ അയക്കുകയും ചെയ്തു .കാളകളെ വാങ്ങി തിരിച്ചുപോരും വഴി കലശലായ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ വഴിയരികില്‍ വിശ്രമിച്ചു. അറിയാതെ ഉറക്കത്തിലേക്കവര്‍ വഴുതി വീണു. ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ തങ്ങള്‍ കൊണ്ടു വന്ന കാളകള്‍ അവിടെ ഉണ്ടായിരുന്നില്ല. എല്ലായിടങ്ങളിലും തിരഞ്ഞിട്ടും തങ്ങളുടെ കാളകളെ തിരിച്ച് കണ്ടു കിട്ടിയില്ല.അവര്‍ പ ഞ്ചുരുളി തെയ്യത്തെ പ്രാര്‍ത്ഥിക്കുകയും എല്ലാവര്‍ഷവും എരുത് കെട്ടിയിടിക്കാം എന്ന നേര്‍ച്ച അര്‍പ്പിക്കുകയും ചെയ്തുവത്രേ. അങ്ങനെ തങ്ങളുടെ കാളകളെ അവര്‍ക്ക് തിരിച്ച് കിട്ടി. കാര്‍ഷിക സംസ്‌കൃതിയും ഐശ്വര്യവും വരും കാലങ്ങളില്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് അര്‍പ്പിക്കുന്നത്. കാളയെ പുലി പിടിക്കുന്ന ചടങ്ങോടു കൂടി എരുത് കളി അവസാനിക്കുന്നത്. ഊരിലും തായന്നൂര്‍ പ്രദേശത്തും സഞ്ചരിച്ച ഊരുമൂപ്പന്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള എരിതു കളിസംഘത്തില്‍ ബാബു, സുരേന്ദ്രന്‍, ഗണേഷന്‍, കുമാരന്‍, ജയേഷ് എന്നിവരാണ് ഉണ്ടായിരുന്നത്