രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറയില്‍ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ് പരിധിയില്‍ 100 കുടുംബങ്ങളില്‍ അടുക്കളത്തോട്ടം ഒരുക്കാന്‍ ക്ലബ് പ്രവര്‍ത്തകര്‍, കൃഷി വകുപ്പ്, വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ കൈകോര്‍ക്കുന്നു.വീടുകളില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനാണ് യൂത്ത് ഫൈറ്റേഴ്‌സ് അടുക്കളത്തോട്ടം എന്ന പദ്ധതിയുമായി മുന്നോട്ട് വന്നത്. കൃഷി വകുപ്പ് മുഖേന നല്‍കുന്ന പച്ചക്കറി വിത്തുകള്‍ സൗജന്യമായി കുടുംബങ്ങള്‍ക്ക് നല്‍കി. മികച്ച രീതിയില്‍ അടുക്കളത്തോട്ടം തയാറാക്കുന്ന 3 കുടുംബങ്ങള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും പ്രോത്സാഹന അവാര്‍ഡുകള്‍ നല്‍കും. ആവശ്യമുള്ള 3 ഇനം വിത്തുകളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്. കൂടുതല്‍ വിത്തിനങ്ങള്‍ കുടുംബങ്ങള്‍ക്ക് എത്തിച്ചു നല്‍കും .
കോടോം ബേളൂര്‍ കൃഷി ഓഫിസര്‍ കെ.വി.ഹരിത ഉത്ഘാടനം ചെയ്തു. രമേശന്‍ മലയാറ്റുകര അധ്യക്ഷത വഹിച്ചു. സി.സതീശന്‍, സരോജിനി, ലീല രാഘവന്‍, നളിനി, സി.എം.ആനന്ദന്‍, കെ.മനു, പ്രിയേഷ് കുമാര്‍, വിജിത ശ്രീജിത് എന്നിവര്‍ പ്രസംഗിച്ചു.