അമ്പലത്തറ: ഇരിയ തട്ടുമ്മല്‍ പൊടുവടുക്കം ധര്‍മ ശാസ്ത ക്ഷേത്ര പരിസരത്തെ അമ്പൂട്ടി നായരുടെ ഭാര്യ ലീല (56) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദിലെ അപുല്‍ഷെയ്ഖിനെ ബേക്കല്‍ സിഐ പി വി വിശ്വംഭരന്‍ അറസ്റ്റ് ചെയ്തു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് സിഐ പറഞ്ഞു. ലീലയുടെ വീട് നവീകരണ പ്രവര്‍ത്തിക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളി സംഘത്തില്‍പ്പെട്ട ജോലിക്കാരനാണ് അപുല്‍ഷെയ്ഖ്. മറ്റുള്ളവര്‍ ജോലി ചെയ്യുമ്പോള്‍ ഇയാള്‍ അലസനായി വീടിന്റെ പരിസരത്ത് കറങ്ങി നടക്കുന്നതിനെ ലീല ചോദ്യം ചെയ്തിരുന്നു. ഇതിനിടയില്‍ വീട്ടുമുറ്റത്ത് ഉണങ്ങാനിട്ടിരുന്ന അടക്ക മോഷ്ടിക്കാന്‍ ശ്രമിച്ചതും ലീല പിടികൂടിയിരുന്നു. ഇതിനു ശേഷം ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കാന്‍ ലീല ആവശ്യപ്പെട്ടിരുന്നുവത്രെ. പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉപയോഗിക്കാന്‍ വീടിന് സമീപത്ത് തന്നെ ശൗചാലയം ഒരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൃത്യം നടന്ന ദിവസം വീട്ടിനകത്തുള്ള ശൗചാലയത്തില്‍ നിന്നും ലീല പുറത്തേക്ക് വരുമ്പോള്‍ വാതിലിനടുത്ത് അപുല്‍ഷെയ്ഖ് നില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെ ഇവര്‍ ചോദ്യം ചെയ്യുകയും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ അപുല്‍ഷെയ്ഖ് ലീലയെ കഴുത്തിന് പിടിച്ച് ഞെരിക്കുകയായിരുന്നു. ഇവര്‍ കുളിമുറിയില്‍ കുഴഞ്ഞുവീണപ്പോള്‍ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുത്ത് ഒന്നുമറിയാതെ പോലെ അപുല്‍ഷെയ്ഖ് മറ്റ് ജോലിക്കാര്‍ക്കൊപ്പം ചേരുകയായിരുന്നു. ഈ സമയം അസുഖത്തെ തുടര്‍ന്ന് കിടപ്പിലായ ഭര്‍ത്താവ് അമ്പൂട്ടി വീട്ടിനകത്തുണ്ടായിരുന്നുവെങ്കിലും ഇദ്ദേഹം ഒന്നുമറിഞ്ഞിരുന്നില്ല. കോളേജ് വിദ്യാര്‍ത്ഥിയായ മകന്‍ പ്രജിത്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കുളിമുറിയില്‍ വീണു കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ അയല്‍വാസികളെ വിളിച്ചു വരുത്തി മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മരണകാരണം ഹൃദയാഘാതം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ അമ്മയുടെ കഴുത്തില്‍ മാല കാണാത്തത് സംശയത്തിനിടയാക്കി. ഇതിനിടയില്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ മൃതദേഹത്തിന്റെ ദേഹപരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ പരിക്കേറ്റ പാടുകളും കണ്ടെത്തിയതോടെ സംശയം ഇരട്ടിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ലീലയുടെ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ പരിസരത്തു നിന്നും നവീകരണ ജോലിക്കായി എത്തിയ അന്യ സംസ്ഥാന തൊഴിലാളികളെ കണ്ടെത്തുകയും ഇവരെ പിടികൂടി ബേക്കല്‍ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്നാണ് അപുല്‍ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഗോപാലകൃഷ്ണപിള്ള നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്തിലെ കശേരുക്കള്‍ പൊട്ടിയതാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവന്ന ലീലയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. അറസ്റ്റിലായ അപുല്‍ഷെയ്ഖിനെ ഇന്ന് ഉച്ചക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.